സഹോദരിയുടെ സുഹൃത്തായ പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി ലഹരി കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ യുടെ മകനെതിരെ കേസ്. പലതവണ പ്രതി ഗർഭഛിദ്രത്തിനു അതിജീവിതയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ഫത്തേഹാബാദിൽ നിന്നുള്ള എംഎൽഎയായ ഛോട്ടേലാൽ വർമയുടെ മകൻ ലക്ഷ്‍മികാന്തിനെതിരെയാണ് എഫ്ഐആർ.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി എംഎൽഎയ്ക്കെതിരെയും കേസെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 17 വയസ്സ് മുതൽ ലക്ഷ്മികാന്തിനെ പരിചയമുണ്ടെന്നും ഇവരുടെ വസതിയിൽ ലക്ഷ്‌മികാന്തിന്റെ സഹോദരിയെ കാണാൻ നിരവധി തവണ പോയിട്ടുണ്ടെന്നും യുവതി പറഞ്ഞു.2003 ൽ വീട്ടിൽ വിളിച്ചു വരുത്തി ലഹരി കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്‌തുവെന്നും ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
‘‘സംഭവം നടന്നതിന് ഒരു വർഷത്തിനു ശേഷം ക്ഷേത്രത്തിൽ വച്ച് രഹസ്യമായി ലക്ഷ്‌മികാന്ത് തന്നെ വിവാഹം ചെയ്‌തു. പല തവണ ഗർഭിണിയായെങ്കിലും നിർബന്ധിച്ച് ഗർഭഛിദ്രത്തിനു വിധേയയാക്കി’’– യുവതി പരാതിയിൽ പറയുന്നു. ആൺകുഞ്ഞിനെ ഗർഭം ധരിക്കാത്തതിനാലാണ് ഛോട്ടേലാൽ വർമയും മകനും തന്നെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചതെന്നു യുവതി ആരോപിച്ചു. എംഎൽഎ തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ ആഗ്രാ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
2006 ൽ വ്യക്‌തിപരമായ ആവശ്യങ്ങൾക്കായി താൻ ജലന്ധറിൽ പോയ തക്കത്തിന് ഛോട്ടേലാൽ മകന്റെ കല്യാണം നടത്തി. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു. വിവാഹമോചന അപേക്ഷയിൽ ഒപ്പു വയ്ക്കാൻ നിർബന്ധിച്ചുവെന്നും, ലക്ഷ്‌മികാന്ത് ഇക്കാര്യം ആവശ്യപ്പെട്ട് അതിക്രൂരമായി മർദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗം, ഗൂഢാലോചന, ദേഹോപദ്രവമേൽപ്പിക്കൽ, തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ലക്ഷ്‍മികാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. എംഎൽഎയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും അറസ്റ്റ് പൊലീസ് മനപൂർവം വൈകിപ്പിക്കുകയാണെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.