1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്‍റെ ആര്‍ എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദംമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഇത് വസ്തുതാപരമാണോ? ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം. ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്‍റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു മുഖ്യമന്ത്രി കൂട്ടിചേർത്തു.
ആര്‍എസ്എസിന്‍റെ സംഘടനാ ട്രെയിനിങ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ (ഓ.ടി.സി.).
ഒന്നും രണ്ടും മൂന്നും ഓടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഓ. ടി. സി. യില്‍ ആറു തവണയോമറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവര്‍ണര്‍. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോ? മുഖ്യമന്ത്രി പറഞ്ഞു.