ലക്ഷദ്വീപിലെ യാത്രാപ്രതിസന്ധിയിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കപ്പൽ സർവീസുകൾ വെട്ടികുറച്ചതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്നത്.
ആഴ്‌ചയിൽ ഏഴ് കപ്പലുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇന്നുള്ളത് രണ്ട് എണ്ണം മാത്രമാണ്. വിദ്യാർഥികൾ, രോഗികളായ ദ്വീപ് നിവാസികൾ, വിനോദ സഞ്ചാരികൾ എന്നിവർ ഇതുകാരണം കടുത്ത ബുദ്ധിമുട്ടിലാണ്. അടിയന്തരമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കപ്പലിൽ സീറ്റ് ലഭിക്കുന്നില്ല. തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായ ഭവൻ ഖണ്ഡരെ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഈ നിസഹായവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുന്നതിനായിരുന്നില്ല ഈ തടസം.
കഴിഞ്ഞ മാർച്ചിൽ ഇതേ വിഷയത്തിൽ ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചിരുന്നു. പ്രതികരണം പോലും സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്നതും നിരാശജനകമാണ്. ജനങ്ങൾ പൊറുതിമുട്ടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും എഴുതുന്നത്. ദ്വീപ് നിവാസികൾക്ക് മതിയായ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും ദ്വീപ് അധികൃതരുടെയും ഉത്തരവാദിത്തമാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.