ബോംബെ ഐഐടിയിൽ വിദ്യാർത്ഥിനിയുടെ അശ്ലീല വീഡിയോ പകർത്തിയ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

0
136

ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ചണ്ഡീഗഡ് സർവ്വകലാശാലയിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ് രാജ്യത്തെ പ്രധാന IIT യായ ഐഐടി ബോംബെയിൽ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ അശ്ലീല വീഡിയോ പകർത്തിയതിന് ക്യാൻറീൻ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇപ്രകാരമാണ്, ഐഐടി ബോംബെയിലെ വിദ്യാർത്ഥിനി ബാത്ത്റൂമിൻറെ ജനലിനു പുറത്ത് ഒരു മൊബൈൽ ഫോൺ കണ്ടു. ജനലിന് പുറത്ത് ക്യാമറ കണ്ടയുടൻതന്നെ പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ച് ഹോസ്റ്റൽ കൗൺസിലിനെയും അധികൃതരെയും വിവരമറിയിച്ചു. ഡീനും എസ്‌എ ഡീനും സ്ഥലത്ത് എത്തുകയും പരിസരത്തുള്ള ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ ചില ക്യാമറകൾ പ്രവത്തനക്ഷമമല്ലാത്തതിനാൽ ഹോസ്റ്റൽ കെട്ടിടത്തിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്‌. തുടർന്ന് ആവശ്യമായ നിയമനടപടികൾക്കായി സംഭവം പോലീസിൽ അറിയിയ്ക്കുകയും ചെയ്തു.

സംഭവത്തിൽ 354-സി വകുപ്പ് പ്രകാരം പോലീസ് ഒരു ക്യാൻറീൻ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് 3:30 മുതൽ പുലർച്ചെ 3 വരെ രാത്രി ക്യാൻറീൻ നടത്തുന്ന അഞ്ച് ജീവനക്കാരെ പൊവായ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. തുടർന്നാണ് ഇവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ചണ്ഡീഗഡ് സർവകലാശാലയിൽ സംഭവിച്ചത് എന്താണ്?

പെൺകുട്ടികളുടെ ഹോസ്റ്റലിൻറെ കുളിമുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് അതേ ഹോസ്റ്റലിൽ തന്നെ താമസിക്കുന്ന പെൺകുട്ടി പകർത്തി അന്യപുരുഷന്മാർക്ക് നൽകിയത്. പുരുഷന്മാരുടെ ഭീഷണിയെതുടർന്നാണ് ഈ ഹീനകൃത്യം നടത്തിയത് എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

ഹോസ്റ്റലിലെ കുളിമുറിയിൽ വച്ച് അനധികൃതമായി ചിത്രീകരിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചോർന്നു. ഹോസ്റ്റലിൽ താമസിച്ചിരുന്ന എട്ട് വിദ്യാർത്ഥികൾ തങ്ങളുടെ വീഡിയോ ഇന്റർനെറ്റിൽ കണ്ടപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇവർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, സ്വകാര്യ വീഡിയോകൾ ചോർന്നതോടെ പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധമാണ് നടന്നത്.