ആനക്കാംപോയില്‍ തുരങ്കപാത: സ്ഥലം ഏറ്റെടുക്കാൻ അനുമതി

0
228

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ–-കള്ളാടി–-മേപ്പാടി തുരങ്കപാത നിർമാണത്തിന്‌ കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടിക്ക് അനുമതി. 11.1586 ഹെക്ടറാണ് ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക്‌ മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്‌ കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു.

അവരുടെ പഠന റിപ്പോർട്ട്, വിദഗ്‌ധസമിതിയുടെ ശുപാർശ, കോഴിക്കോട് കലക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ (എൽഎആർആർ) പ്രകാരമാണ് ഭൂമി ഏറ്റെടുക്കുകയെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. കോഴിക്കോട്–, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും മലബാറിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്നതുമാണ്‌ തുരങ്കപാത.

2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പദ്ധതിയുടെ ലോഞ്ചിങ്‌ നിർവഹിച്ചത്. 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി 658 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. കൊങ്കൺ റെയിൽവേ കോർപറേഷൻ സമർപ്പിച്ച അലൈൻമെന്റിന് സർക്കാർ അംഗീകാരവും ലഭിച്ചിട്ടുണ്ട്‌. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ദൈർഘ്യമേറിയ മൂന്നാമത്തെ തുരങ്കപാതയാകും ഇത്. സ്ഥലമേറ്റടുക്കൽ അനുമതികൂടി ലഭിച്ചതോടെ തുരങ്കപാത യാഥാർഥ്യത്തോടടുക്കുകയാണ്.