ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
91

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ താനൂർ പൊലീസ് പിടിയിലായി. വെന്നിയൂർ സ്വദേശി നെല്ലൂർ പുത്തൻവീട്ടിൽ സംസിയാദ് (24), വെന്നിയൂർ വാളക്കുളം സ്വദേശി വടക്കൽ ഹൗസ് മുർഷിദ്(24), വെന്നിയൂർ വാളക്കുളം സ്വദേശി വലിയപറമ്പിൽ അബ്ദുൽഷമീർ (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘമാണ് ഇവർ.

താനൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്‌ക്വാഡും താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ്, എസ് ഐമാരായ ആർ ഡി കൃഷ്ണലാൽ, ഷൈലേഷ് എന്നിവരടങ്ങിയ സംഘവുമാണ് പ്രതികളെ വലയിലാക്കിയത്.

അതേസമയം സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലേക്ക് കർണാടകയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് ഒമ്പത് ഗ്രാം എംഡിഎംഎയും 25 ചെറുപാക്കറ്റുകളിലായി ബ്രൗൺഷുഗറും പിടിച്ചെടുത്തു. ചമ്രവട്ടം സ്വദേശികളായ നക്കിയത്ത് ബഷീർ (37), തെക്കഞ്ചേരി സുധീഷ്(32), മുളക്കൽ ഷൈലേഷ്(27) എന്നിവരാണ് കാറിൽ മയക്കുമരുന്ന് കടത്തവേ കഴിഞ്ഞദിവസം താഴെപ്പാലത്ത് വെച്ച് തിരൂർ ഇൻസ്‌പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെത്തിച്ച ബ്രൗൺഷുഗറും എംഡിഎംഎയും അവിടെനിന്ന് ശേഖരിച്ച് വരവേയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. എസ് ഐ വി ജിഷിൽ, എ എസ് ഐ പ്രതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശറഫുദ്ദീൻ, ഷിജിത്ത്, സി പി ഒമാരായ ഉണ്ണിക്കുട്ടൻ, ധനീഷ്‌കുമാർ, ആദർശ്, ജിനേഷ്, ദിൽജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.