Wednesday
17 December 2025
30.8 C
Kerala
HomeIndiaശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിചു; മൂന്നുപേർ അറസ്റ്റിൽ

ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിചു; മൂന്നുപേർ അറസ്റ്റിൽ

ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ദൃശ്യങ്ങൾ അയച്ചതെന്ന് അറസ്റ്റിലായ പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സമരം താൽകാലികമായി അവസാനിപ്പിച്ചു.

സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന ആരോപണം നേരിടുന്ന വിദ്യാർത്ഥിനി, കാമുകനായ ഷിംല സ്വദേശി , ഇയാളുടെ സുഹൃത്ത് എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. ഇന്നലെ വൈകീട്ടാണ് മൂന്ന് പേരെയും മൊഹാലിയിലെ ഖറാർ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഒരാഴ്ചത്തേക്കാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടത്. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ദൃശ്യങ്ങൾ അയച്ചു നൽകിയതെന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനിടെ പ്രതികളുടെ ഫോണിൽനിന്നും ഒരു ദൃശ്യംകൂടി കിട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

കൂടുതൽ ദൃശ്യങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികൾ മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സർവകലാശാലക്കകത്ത് രണ്ട് ദിവസമായി പ്രതിഷേധം തുടർന്ന വിദ്യാർത്ഥികളുമായി ഇന്ന് പുലർച്ചെയാണ് സർവകലാശാല അധികൃതരും പൊലീസും ചർച്ച നടത്തിയത്. കേസന്വേഷണ പുരോഗതി പത്തംഗ വിദ്യാർത്ഥി കമ്മറ്റിയെ അറിയിക്കുക, വിദ്യാർത്ഥികളുടെ പരാതി കൃത്യ സമയത്ത് പൊലീസിനെ അറിയിക്കാതിരുന്ന ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്യുക, ഹോസ്റ്റൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. രണ്ട് ഹോസ്റ്റൽ വാർഡൻമാരെ സർവകലാശാല സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സർക്കാർ, മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.

RELATED ARTICLES

Most Popular

Recent Comments