കോൺഗ്രസുകാർ അരുംകൊലചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ കുടുംബത്തിന് സഹായ ഫണ്ട്‌ 26ന്‌ കൈമാറും

0
122

കോൺഗ്രസുകാർ അരുംകൊലചെയ്‌ത ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രൻ കുടുംബ സഹായ ഫണ്ട്‌ 26ന്‌ കൈമാറും. പകൽ 11ന്‌ ചെറുതോണി ബസ്‌സ്‌റ്റാൻഡ്‌ മൈതാനിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ധീരജിന്റെ മാതാപിതാക്കൾക്ക്‌ തുക കൈമാറുക. സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച 1.55 കോടി രൂപയിൽ ഒരുഭാഗമാണ്‌ കൈമാറുകയെന്ന്‌ ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ധീരജ്‌ സ്‌മാരകമായി ചെറുതോണിയിൽ നിർമിക്കുന്ന എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിനും ധീരജിനൊപ്പം പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരായ അമൽ, അഭിജിത്ത്‌ എന്നിവരുടെ തുടർപഠനത്തിനുമാണ്‌ ബാക്കി തുക ഉപയോഗിക്കുക. സ്‌മാരകത്തിന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കല്ലിടും. എൻജിനിയറിങ് വിദ്യാർഥികൾക്ക്‌ പഠിക്കാനുള്ള ലൈബ്രറി അടക്കമുള്ള സംവിധാനം ഒരുക്കും. അമലിനും അഭിജിത്തിനുമുള്ള പഠനസഹായവും യോഗത്തിൽ കൈമാറും.

2022 ജനുവരി 11നാണ്‌ ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജ്‌ രാജേന്ദ്രൻ കൊലചെയ്യപ്പെട്ടത്‌. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലിയുടെ കുത്തേറ്റാണ്‌ ധീരജ്‌ മരിച്ചത്‌. രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയിൽ നിഖിൽ പൈലി പങ്കെടുക്കുന്നത്‌ കോൺഗ്രസിന്റെ ധാർമികതയാണ്‌ വെളിവാക്കുന്നതെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സി വി വർഗീസ്‌ മറുപടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, തൊടുപുഴ ഈസ്‌റ്റ്‌ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ എന്നിവരും പങ്കെടുത്തു.