കേരളത്തിൽ അതിതീവ്ര മഴ കൂടിയെങ്കിലും മൺസൂൺ മഴയുടെ (കാലവർഷം) അളവ് കുറഞ്ഞു

0
116

കേരളത്തിൽ അതിതീവ്ര മഴ കൂടിയെങ്കിലും മൺസൂൺ മഴയുടെ (കാലവർഷം) അളവ് കുറഞ്ഞു. ഇത് ഒരേ വർഷം വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്ററോളജി ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്സി മാത്യു കോളിന്റെ കണ്ടെത്തൽ.

ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നു. അതു കൊണ്ട് ദീർഘകാലയളവിൽ മഴ പെയ്യാതിരിക്കുന്നു. പിടിച്ചുവച്ച ഈർപ്പം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുകയും ചെയ്യുന്നു. മൺസൂൺ കാറ്റുകളിലെ വ്യതിയാനവും ഇതിന് കാരണമാണ്.

പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാവുമ്ബോൾ വെള്ളത്തിന് പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ വരുന്നു. ഇതിന്റെ ഭാഗമായി പ്രളയമുണ്ടാകുന്നു. വെള്ളം പരന്നിറങ്ങാത്തതിനാൽ പ്രളയത്തിന് പിന്നാലെ പെട്ടെന്ന് വരൾച്ചയും ഉണ്ടാകുന്നു. കുറേ നാളുകളായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിൽ ഇത് പുതിയ പ്രതിഭാസമായി മാറി.

സമുദ്ര നിരപ്പ് ഓരോ വർഷവും കൂടുന്നതിനാൽ കടലിലേക്കുള്ള ഒഴുക്ക് കുറയുന്നു. ഉപ്പുവെള്ളം തിരിച്ച്‌ കായലിലേക്കും പുഴകളിലേക്കും കയറുന്നു.

ഒരേ വർഷം തന്നെ വെള്ളം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം മറികടക്കുന്നതിന് ജലം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. മഴപ്പൊലിമ, ജലവർഷിണി, പുനർജനി തുടങ്ങിയ ചെലവ് കുറഞ്ഞതും വിജയിച്ചതുമായ പദ്ധതികൾ നടപ്പാക്കിയും വനസംരക്ഷണം കർക്കശമാക്കിയും ഇതു നേരിടാം. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനേക്കാൾ സസ്യ ജല ബാഷ്പീകരണം വഴി ജലം നിലനിറുത്തി വീണ്ടും മഴ പെയ്യിക്കുന്നു. മണ്ണൊലിപ്പും തടയുന്നു.

മഴയുടെ അളവ് കൂടുതലാണ്. എന്നാൽ ആവശ്യത്തിന് വെള്ളമില്ല. അസാധാരണ മഴ പ്രളയകാരണമാകുന്നു. പെട്ടെന്ന് വരൾച്ചയും സംഭവിക്കുന്നു. പ്രളയവും വരൾച്ചയും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സംഭവിക്കുന്നതും ആവർത്തിക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതേക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തി പരിഹാരം കണ്ടെത്തണം .