ഉത്തർപ്രദേശിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം നൽകി; സ്പോർട്സ് ഓഫീസർക്ക് സസ്പെൻഷൻ

0
81

ഉത്തർപ്രദേശിലെ സഹൻപൂരിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം നൽകിയ സംഭവത്തിൽ സ്പോർട്സ് ഓഫീസറെ സർക്കാർ സസ്‌പെൻഡ് ചെയ്തു. മൂന്ന് ദിവസത്തെ സംസ്ഥാനതല അണ്ടർ 17 പെൺകുട്ടികളുടെ കബഡി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇരുന്നൂറോളം കായിക താരങ്ങൾക്കാണ് ശുചിമുറിയുടെ തറയിൽ വെച്ച് ഭക്ഷണം നൽകിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

കബഡി താരങ്ങൾക്ക് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിൽ ജില്ലാ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേനയെ സസ്പെൻഡ് ചെയ്തതായി സഹരൻപൂർ ജില്ലാ മജിസ്ട്രേറ്റ് അഖിലേഷ് സിങ് റഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മഴയെത്തുടർന്നാണ് സ്വിമ്മിങ് പൂളിനോട് ചേർന്നുള്ള വസ്ത്രങ്ങൾ മാറുന്ന മുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അവിടെ ഭക്ഷണം ഉണ്ടാക്കാനുളള ക്രമീകരണം ഏർപ്പെടുത്തിയതെന്നും ജില്ലാ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന ഇന്ത്യ ടുഡേയോട് പറഞ്ഞു.