വ്യോമസേനയുടെ അഭിമാനമുയർത്തിയ മിഗ് 21 സ്ക്വാഡ്രൺ ‘സോർഡ് ആംസ്’ പിരിച്ചുവിടുന്നു

0
79

വ്യോമസേനയുടെ അഭിമാനമുയർത്തിയ മിഗ് 21 സ്ക്വാഡ്രൺ ‘സോർഡ് ആംസ്’ പിരിച്ചുവിടുന്നു. മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രണുകളാണ് നിലവിൽ വ്യോമസേനക്കുള്ളത്. അവ ഘട്ടംഘട്ടമായി 2025 ഓടു കൂടി പൂർണാർഥത്തിൽ പിരിച്ചുവിടുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ടോ മൂന്നോ യുദ്ധവിമാനങ്ങളും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരും ഉൾപ്പെടുന്ന വ്യോമസേനാ ടീമാണ് ഒരു സ്ക്വാഡ്രൺ.

നാലു പതിറ്റാണ്ടുകൾക്ക് മുമ്ബ് വ്യോമസേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങൾക്ക് പഴക്കമേറുകയും നിരവധി അപകടങ്ങൾ ഉണ്ടാവുകയും ആളപായം ഉൾപ്പെടെ സംഭവിക്കുകയും ചെയ്തതോടെയാണ് ശ്രീനഗർ ആസ്ഥാനമായ സ്ക്വാഡ്രണുകൾ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് വ്യോമസേന എത്തിയത്. ഈ വിമാനങ്ങളിൽ പലതും അപകടങ്ങളിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സോർഡ് ആംസ് എന്ന സ്ക്വാഡ്രൺ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

2019ലെ ബാലാക്കോട്ട് ആക്രമണത്തിനു ശേഷം വിങ് കമാന്ററായിരുന്ന അഭിനന്ദൻ വർധമാൻ പാകിസ്താന്റെ എഫ് -16 യുദ്ധവിമാനം തകർത്ത സമയത്ത് സോർഡ് ആംസിൽ അംഗമായിരുന്നു. മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു വർധമാന്റെ ആക്രമണം. നിലവിൽ അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനാണ്.

പുൽവാമ ഭീകരാക്രമണത്തിന് രണ്ടാഴ്ചക്ക് ശേഷം 2019 ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്ബിൽ വ്യോമസേന യുദ്ധവിമാനങ്ങൾ മിന്നലാക്രമണം നടത്തി. ഫെബ്രുവരി 27ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ തിരിച്ചടിച്ചു. സോർഡ് ആംസ് വിങ് കമാന്ററായിരുന്ന അഭിനന്ദൻ വർധമാൻ മിഗ്-21 ബൈസൺ വിമാനം ഉപയോഗിച്ച്‌ പാക് യുദ്ധവിമാനം എഫ്-16 നെ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് പാക് ഭൂപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങിയ അദ്ദേഹത്തെ നയതന്ത്ര ഇടപെടൽ വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. 2019 ലെ സ്വാതന്ത്ര്യ ദിനത്തിൽ വീർ ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

1999ലെ കാർഗിൽ സംഘർഷസമയത്തെ ഓപറേഷൻ സഫേദ് സാഗറിലും സോർഡ് ആംസ് പ​ങ്കെടുത്തിട്ടുണ്ട്. വായുസേന മെഡലും സമഗ്ര സംഭാവനക്ക് മൂന്ന് മെൻഷൻ-ഇൻ-ഡിസ്പാച്ചുകളും സോർഡ് ആംസിന് ലഭിച്ചു. ഓപറേഷൻ പരാക്രം സമയത്ത്, സ്ക്വാഡ്രനെ കാശ്മീർ താഴ്വരയിലെ എയർ ഡിഫൻസ് ആയി നിയോഗിച്ചിരുന്നു. രാജ്യത്തിനായുള്ള സ്തുത്യർഹ സേവനത്തിന്, സ്ക്വാഡ്രന് 2018 ൽ പ്രസിഡന്റ്സ് സ്റ്റാൻഡേർഡ് ലഭിച്ചുവെന്ന് ഭാരത് രക്ഷക് എന്ന വെബ്‌സൈറ്റ് പറയുന്നു.