ഇനി രൂപയിൽ വിദേശ വ്യാപാരം നടത്താം

0
82

രൂപയിൽ വിദേശ വ്യാപാരം നടത്താനാകും വിധം വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പുതിയ നയപ്രകാരം അന്താരാഷ്ട്ര വ്യാപാരത്തിലെ ഇൻവോയ്സിംഗ്, പണമടയ്ക്കൽ, സെറ്റിൽമെൻ്റ് എന്നിവയെല്ലാം ഇന്ത്യൻ രൂപയിൽ നടത്താനാകും. ഇന്ത്യൻ കറൻസിയിൽ വ്യാപാരം നടത്തുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംവിധാനവും ഈ തീരുമാനത്തോടെ നിലവിൽ വരും. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തത്.

2022 ജൂലൈ 11-ന് ആർബിഐ പുറപ്പെടുവിച്ച സർക്കുലറിന് അനുസൃതമായി വിദേശ വ്യാപാര നയത്തിലെ ഖണ്ഡിക 2.52-ൽ (‘വിദേശ വ്യാപാരത്തിലെ ധനമൂല്യം’) ഉപഖണ്ഡിക ഡി കൂട്ടിച്ചേർത്തുകൊണ്ടാണ് നയം പുതുക്കിയതെന്ന് വാണിജ്യ വകുപ്പിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വെള്ളിയാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കയറ്റുമതി, ഇറക്കുമതി കരാറുകൾ ഇന്ത്യൻ രൂപയിൽ നടത്താൻ ആർബിഐയുടെ ജൂലൈയിലെ സർക്കുലറിലും അനുമതി നൽകുന്നുണ്ട്. ഇതു പ്രകാരം, 2016-ലെ വിദേശ വിനിമയ മാനേജ്മെൻ്റ് (ഡെപ്പോസിറ്റ്) ചട്ടങ്ങൾക്ക് കീഴിലുള്ള വകുപ്പ് 7(1) പ്രകാരം ഇന്ത്യയിലെ എഡി ബാങ്കുകൾ തുറക്കുന്ന സ്പെഷ്യൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകൾ വഴിയും ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ കഴിയും.

മറ്റൊരു ബാങ്കിനു വേണ്ടി ഒരു ബാങ്ക് സൂക്ഷിക്കുന്ന അക്കൗണ്ടാണ് വോസ്ട്രോ അക്കൗണ്ട്. കറസ്പോണ്ടൻ്റ് ബാങ്കിംഗിലെ ഒരു പ്രധാന ഘടകമാണ് ഇത്തരം അക്കൗണ്ടുകൾ. ധനം കൈവശം വെക്കുന്ന ബാങ്ക് ഒരു വിദേശ ബാങ്കിൻ്റെ ധനത്തിൻ്റെ സൂക്ഷിപ്പുകാരായി പ്രവർത്തിക്കുന്നതിനെ അല്ലെങ്കിൽ അക്കൗണ്ട് മാനേജ് ചെയ്യുന്നതിനെയാണ് കറസ്പോണ്ടൻ്റ് ബാങ്കിംഗ് എന്ന് പറയുന്നത്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ ഉത്തരവ് പ്രകാരം നയംമാറ്റം ഉടൻ നിലവിൽ വന്നു.

അന്താരാഷ്ട്ര വ്യാപാരം ഇന്ത്യൻ രൂപയിൽ നടപ്പാക്കുന്നതിന് സഹായകരമാകും വിധം കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഇൻവോയ്സിംഗും പണമടയ്ക്കലും സെറ്റിൽമെൻ്റും നടത്താനുള്ള സംവിധാനം ആർബിഐ ഒരുക്കിയിട്ടുണ്ട്.

വ്യാപാരത്തിൽ ഏർപ്പെടുന്ന രണ്ട് പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള വിനിമയ നിരക്ക് വിപണിയിലെ നിരക്കിലായിരിക്കും കണക്കാക്കുക എന്ന് ആർബിഐ അറിയിച്ചു. ഈ സംവിധാനം അനുസരിച്ചുള്ള സെറ്റിൽമെൻ്റ് ഇന്ത്യൻ രൂപയിൽ നടക്കും. ഏത് രാജ്യവുമായും വ്യാപാരം നടത്തുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് അതത് പങ്കാളിത്ത രാജ്യങ്ങളിലുള്ള കറസ്പോണ്ടൻ്റ് ബാങ്കിൻ്റെ സ്പെഷ്യൽ വോസ്ട്രോ അക്കൗണ്ട് തുറക്കാം.

ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്കിൻ്റെ വിദേശ വിനിമയ വിഭാഗത്തിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ഇറക്കുമതിയിൽ ഏർപ്പെടുന്ന ഇന്ത്യൻ വ്യാപാരികൾ രൂപയിൽ പണം നൽകണമെന്നും, വിദേശ സപ്ലയർമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ സാധനങ്ങളോ സേവനങ്ങളോ വാങ്ങിയതിൻ്റെ ഇൻവോയ്സ് പ്രകാരം ഈ തുക അവരുടെ രാജ്യത്തിൻ്റെ കറസ്പോണ്ടൻ്റ് ബാങ്കിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ആർബിഐ അറിയിച്ചു.

സമാനമായി, കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ വ്യാപാരികൾക്ക്. പങ്കാളിത്ത രാജ്യത്തിൻ്റെ കറസ്പോണ്ടൻ്റ് ബാങ്കിലുള്ള നിർദ്ദിഷ്ട സ്പെഷ്യൽ വോസ്ട്രോ അക്കൗണ്ടിലെ ബാലൻസിൽ നിന്ന് ഇന്ത്യൻ രൂപയിൽ പണം നൽകുമെന്നും ആർബിഐയുടെ കുറിപ്പിൽ പറയുന്നു.