തമിഴ്നാട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ കൊല്ലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
104

തമിഴ്നാട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ കൊല്ലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷാണ് മരിച്ചത്. കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്ന രാകേഷ് ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ തിരുപ്പൂര്‍ സ്വദേശിയായ 14കാരനെ തട്ടിക്കൊണ്ടുവന്നെന്നാണ് വിവരം. കുട്ടിയെ തമിഴ്നാട് പോലീസെത്തി തിരികെ കൊണ്ടുപോയി.

വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുമായി രാകേഷ് കൊല്ലത്തെ വീട്ടിലെത്തി. പിന്നീട് വീടിന് പിറകിലെ ഷെഡ്ഡില്‍ കുട്ടിയെ കെട്ടിയിടുകയായിരുന്നു. കുട്ടിയെ കാണാതായതായി വീട്ടുകാര്‍ തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കി. രാകേഷിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ പരവൂര്‍ പൊലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രിയോടെ പരവൂര്‍ പോലീസ് രാകേഷിന്റെ വീട്ടിലെത്തി. തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായില്ല.

പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. ബസ് സ്റ്റോപ്പില്‍ കുട്ടി ഒറ്റക്കിരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുവന്നതാണെന്ന് കുട്ടി പറഞ്ഞത്. ഉടന്‍ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി രാകേഷിന്റെ വീട്ടില്‍ പരിശോധന നടത്തി. ഇതിനിടെയാണ് കിടപ്പുമുറിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.