തൊഴിലാളി ക്ഷേമനിധി ബോർഡുകൾ കൂടുതൽ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രം: മന്ത്രി വി. ശിവൻകുട്ടി

0
84

തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സാമൂഹിക സുരക്ഷിതത്വവും ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധി ബോർഡ് സംവിധാനം കൂടുതൽ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇപ്പോൾ 16 ക്ഷേമനിധി ബോർഡുകളാണുള്ളത്. സമൂഹത്തിലെ നല്ലൊരു പങ്ക് തൊഴിലാളികളും ഈ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളാണെന്നും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ വർഷത്തിൽത്തന്നെ ഭേദഗതി ചെയ്ത ഒൻപത് തൊഴിലാളി നയങ്ങളും ക്ഷേമനിധി ബോർഡുകളുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആനുകൂല്യങ്ങളും പദ്ധതികളുമാണ് തൊഴിലാളികളുടെ ഉന്നമനത്തിനായി ബോർഡുകൾ വഴി നടപ്പിലാക്കി വരുന്നത്. ബാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കുന്നതിനുള്ള നടപടികൾ ബോർഡ് അടിയന്തിരമായി സ്വീകരിക്കണമെന്നും ഇ.പി.എഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ.പി.എഫ് അധികൃതരുമായി സർക്കാർ തലത്തിൽ ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മികച്ച വിജയം കരസ്ഥമാക്കി പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ ഏഴ് കുട്ടികൾക്ക് ലാപ്ടോപ്പുകളും എസ്.എസ്.എൽ.സി തലം മുതലുള്ള മികച്ച വിജയം കരസ്ഥമാക്കിയ 97 കുട്ടികൾക്ക് സ്വർണനാണയങ്ങളും സ്‌കോളർഷിപ്പുകളും മന്ത്രി വിതരണം ചെയ്തു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ബോർഡ് ഡയറക്ടർമാരായ വി.പി. സക്കറിയ, റ്റി.കെ. വിശ്വനാഥൻ, ഡി. ലാൽ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ബിച്ചു ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.