2022ലെ വാർഷിക പൊതുയോഗത്തിൽ (എ ജി എം) റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി ഈ ദീപാവലിക്ക് ജിയോ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ആദ്യ ദിവസങ്ങളിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് 5G സേവനം ലഭ്യമാകുക. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയാണ് ആദ്യം 5ജിയെത്തുന്ന ഇന്ത്യൻ നഗരങ്ങൾ.
മറ്റ് നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് 2023 ഡിസംബറോടെ ജിയോ 5G അതിവേഗ ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുമെന്ന് യോഗത്തിൽ അംബാനി സ്ഥിരീകരിച്ചു. 2023 ഡിസംബറോടെ ജിയോ 5G സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തും. എല്ലാ പട്ടണങ്ങളിലും താലൂക്കുകളിലും പഞ്ചായത്തുകളിലും വരെ 5ജി സേവനങ്ങൾ എത്തുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ വ്യക്തമാക്കി. ജിയോ ട്രൂ 5ജി ബ്രോഡ്‌ബാൻഡ് വേഗതയിൽ വലിയ മുന്നേറ്റം കാണിക്കുമെന്നും ബഫറിംഗ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ജിയോ 5G ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ 5G നെറ്റ്‌വർക്കായിരിക്കും. ഞങ്ങളുടെ 4G നെറ്റ്‌വർക്കിനെ ആശ്രയിക്കാതെയുള്ള സ്റ്റാൻഡ്- അലോൺ 5G എന്ന് വിളിക്കപ്പെടുന്ന 5G- യുടെ ഏറ്റവും പുതിയ പതിപ്പ് ജിയോ വിന്യസിക്കും എന്ന് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു. 4 ജി സേവനങ്ങളെ അപേക്ഷിച്ച് 5 ജി സേവനങ്ങളുടെ വേഗത 10 ഇരട്ടിയായിരിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
5ജിയുടെ പ്രഖ്യാപന കാലം മുതൽ പല വിധ സംശയങ്ങളാണ് ചുറ്റിലും ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാൻ നിങ്ങൾക്ക് 5G ഫോൺ തന്നെ വേണോ എന്നത് കുറേപ്പേർക്കുള്ള സംശയമാണ്. എന്നാൽ സംഗതി സത്യമാണ്. 5G സേവനങ്ങൾ ആസ്വദിക്കാൻ നിങ്ങളുടെ ഫോണിന് 5ജി നെറ്റ്‌വർക്കിനെ തന്നെ പിന്തുണയ്‌ക്കേണ്ടതുണ്ട്.
അപ്പോൾ നിങ്ങളുടെ ഫോൺ 5G നെറ്റ്‌വർക്ക് പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും? നിങ്ങളുടെ ഫോണിൽ 5G നെറ്റ്വർക്കുണ്ടോയെന്ന് കണ്ടെത്താനുള്ള ചില ഘട്ടങ്ങൾ ചുവടെയുണ്ട്.
ഘട്ടം 1: ഒരു Android ഫോണിൽ, നിങ്ങൾ Settings ആപ്പിലേക്ക് പോകുക.
ഘട്ടം 2: ‘Wi-Fi & Network’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: അടുത്തതായി ‘SIM & Network’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക
ഘട്ടം 4: ‘Preferred network type’ ഓപ്ഷന് കീഴിൽ നിങ്ങൾക്ക് ഇപ്പോൾ എല്ലാ സാങ്കേതികവിദ്യകളുടെയും ഒരു ലിസ്റ്റ് കാണാൻ കഴിയും
ഘട്ടം 5: നിങ്ങളുടെ ഫോൺ 5G സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ 2G/3G/4G/5G ആയി ലിസ്റ്റുചെയ്യപ്പെടും.
Budget Friendly Phone : 80W ഫാസ്റ്റ് ചാർജിംഗ്, സ്‌നാപ്ഡ്രാഗൺ 870 ചിപ്സെറ്റ് – റിയൽമി ജി ടി നിയോ 3 ടിയുടെ വിശേഷങ്ങളറിയാം
നിങ്ങളുടെ ഫോൺ 5G നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതല്ലെങ്കിൽ അതിവേഗ ഇന്റർനെറ്റ് അനുഭവിക്കാൻ 5G പ്രവർത്തനക്ഷമമാക്കിയ സ്‌മാർട്ട്‌ഫോണിനായി നിങ്ങൾ പണം ചെലവഴിക്കേണ്ടിവരും. Xiaomi, OnePlus, Realme, Samsung തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഇതിനകം തന്നെ വിവിധ വിലകളിലുള്ള 5G സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, Realme, Lava പോലുള്ള ചില കമ്പനികൾ 10,000 രൂപയിൽ താഴെയുള്ള 5G ഫോണുകൾ പുറത്തിറക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.