മതപരിവർത്തന നിരോധന ബിൽ കർണ്ണാടക സർക്കാർ ഉടൻ പാസാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭാ സമിതിയ്ക്ക് മുന്നിൽ സർക്കാർ അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. തുടർന്നാണ് ബിൽ നിയമസഭാ സമിതിയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
2021 ഡിസംബറിൽ കർണാടക നിയമസഭ ബിൽ അംഗീകരിച്ചു. ബിജെപിക്ക് 41 അംഗങ്ങളുള്ള കൗൺസിലിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ അവതരിപ്പിച്ചത്. 2021ൽ നിയമസഭാ സമിതിയ്ക്ക് മുന്നിൽ ബിൽ അവതരിപ്പിച്ചിരുന്നില്ല. അന്ന് ബിജെപിയ്ക്ക് 32 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് ആറ് പേർ കുറവായിരുന്നു.
തുടർന്ന് ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി ഓർഡിനൻസ് പാസാക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആലോചന’, ‘നിർബന്ധം’, ‘ബലം’, ‘വഞ്ചനാപരമായ മാർഗങ്ങൾ’, കൂടാതെ ‘കൂട്ട മതപരിവർത്തനം’ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ബിൽ പ്രകാരം, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.
പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയെയോ മതം മാറ്റിയാൽ 50,000 രൂപ പിഴയും മൂന്ന് മുതൽ 10 വർഷം വരെ തടവും ലഭിക്കുമെന്നും ബില്ലിൽ പറയുന്നു. കൂട്ട മതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഡിസംബർ 23ന് സംസ്ഥാന നിയമസഭയിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കിയപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎമാർ എത്തിയിരുന്നു.
ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ പാസാക്കിയ ബിൽ അന്ന് നിയമസഭാ സമിതിയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ആയിരുന്നില്ല. എന്നാലിന്ന് ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ബിൽ പാസാക്കാൻ കോൺഗ്രസും ജെഡിഎസും സഹകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.