Wednesday
17 December 2025
30.8 C
Kerala
HomeKeralaവിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി

തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതർ പൊളിച്ചു നീക്കിയത്. ഇവിടെ ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. കോർപറേഷൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. പിപിപി മോഡലിൽ ജെൻഡർ ന്യൂട്രലിൽ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങിയാൽ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേർന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീകൃഷ്ണനഗർ റെസിഡൻറ്സ് അസോസിയേഷൻ പെയിൻറടിച്ച് നവീകരിച്ചതിന് പിന്നാലെയാണ് കോർപ്പറേഷൻറെ നടപടി. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് എഴുതിവച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം അസോസിയേഷൻ മോടി പിടിപ്പിച്ചത്. ജൂലൈ മാസത്തിൽ, വിദ്യാർത്ഥികൾ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗർ റെസിഡൻറ്സ് അസോസിയേഷൻ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് വിവാദമായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മടിയിലിരുന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് വാർത്തയായതോടെ അനധികൃതമായി കെട്ടിയ ഷെൽറ്റർ പൊളിച്ച് നഗരസഭ പുതിയത് നിർമ്മിക്കുമെന്ന് മേയർ ജൂലൈ 21 ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് 8500 രൂപാ മുടക്കി റെസിഡൻറ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.

പ്രതിഷേധ സൂചകമായി എസ് എഫ് ഐയും കെ എസ്‍ യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റിയും വിദ്യാർത്ഥികളിട്ട തടിബെഞ്ച് നീക്കിയുമാണ് റെസി‍ഡൻറ്സ് അസോസിയേഷൻ പെയിൻറടിച്ച് നവീകരിച്ചത്. നഗരസഭ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേ, എന്നാൽ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലർന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും റെസിഡൻറ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇതുന് പിന്നാലെയാണ് കോർപ്പറേഷൻറെ അദികൃതരുടെ നടപടി.

RELATED ARTICLES

Most Popular

Recent Comments