ഇടുക്കിയിൽ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ അധ്യാപകർക്ക് പരിശീലനം നൽകി പോലീസ് വകുപ്പ്. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന വിതരണക്കാരെ അധ്യാപകരിലൂടെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടുക്കിയിലെ തോട്ടംമേഖലകൾ കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങൾ വ്യാപകമായി വില്പന നടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇടനിലക്കാർ മുഖേന വിദ്യാർത്ഥികൾക്ക് എത്തിക്കുന്ന സംഘങ്ങളും മൂന്നാറിൽ സജീവമാണ്. പല കുട്ടികളും കാര്യ ഗൗരമറിയാതെയാണ് ലഹരി ഉപയോഗത്തിന് അടിമയാകുന്നത്.
ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് അധ്യാപകർക്ക് പോലീസ് വകുപ്പിന്റെ നേത്യത്വത്തിൽ ഏകദിന പരിശീലന ക്യാമ്പ് നൽകിയത്. കുട്ടികൾക്ക് ലഹരി ലഭിക്കുന്നത് ഇടനിലക്കാർ മുഖേനെയാണ്.
ഇവരെ കുട്ടികളിലൂടെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥികളെ പിൻതിരിപ്പിക്കുകയാണ് ക്യാമ്പ് കൊണ്ട് പോലീസ് ലക്ഷ്യമിടുന്നത്. മൂന്നാർ ഡിവൈഎസ്പി കെആർ മനോജാണ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.