മുത്തങ്ങ ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
120

വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ രണ്ടു കേസുകളിലായി രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്സൈസ് പിടികൂടി. നിലമ്പൂരിലേക്ക് മരക്കച്ചവടത്തിന് കൊണ്ടുപോകുന്നതെന്ന വ്യാജേന രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേരാണ് ആദ്യം മുത്തങ്ങയിൽ പിടിയിലായത്. കർണാടക മാണ്ഡ്യ സ്വദേശികളായ എസ്. ദീപക് കുമാർ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവരാണ് പണവുമായി എക്സൈസ് സംഘത്തിൻറെ പരിശോധനയ്ക്കിടെ പിടിയിലായത്.

വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസികളെന്ന് എകസൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘം പണം കടത്താനുപയോഗിച്ച കെ.എ 21 പി 0370 മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പണംകടത്ത് സംഘാംഗങ്ങൾ പിടിയിലായത്.

ഉച്ചക്ക് ശേഷം മറ്റൊരു കേസിൽ ഒമ്പത് ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളും മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിലായി. കോഴിക്കോട് സ്വദേശി സബീർ, കണ്ണൂർ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്തെ കച്ചവടവുമായി ബന്ധപ്പെട്ട പണം നാട്ടിലെ വിവാഹ ആവശ്യങ്ങൾക്ക് കൊണ്ടുവരികയാണെന്നാണ് ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ പണത്തിന് രേഖകൾ കാണിക്കാൻ ഇവർക്കായില്ല.

രണ്ട് കേസുകളും കൂടുതൽ പരിശോധനകൾക്കായി എക്സൈസ് സുൽത്താൻബത്തേരി പോലീസിന് കൈമാറി. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവന്റീവ് ഓഫീസർ കെ.വി. വിജയകുമാർ, എം.ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഇ. ചാൾസ് കുട്ടി, എം.വി. നിഷാദ്, കെ.എം. സിത്താര, എം. അനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.