Thursday
18 December 2025
24.8 C
Kerala
HomeKerala'ഭാരത് ജോഡോ യാത്രക്ക്' സംഭാവന നൽകിയില്ല; കടയിൽ കയറി ആക്രമിച്ചെന്ന് പരാതി

‘ഭാരത് ജോഡോ യാത്രക്ക്’ സംഭാവന നൽകിയില്ല; കടയിൽ കയറി ആക്രമിച്ചെന്ന് പരാതി

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമിച്ചെന്ന് പരാതി. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിൻറെ കടയിലാണ് അക്രമം. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്നും അനസ് പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം.

സംഭവത്തിൽ കടയുടമകൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡൻറ് നൽകുന്ന മറുപടി.

അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര.

RELATED ARTICLES

Most Popular

Recent Comments