ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് ഞങ്ങൾ, എംഎൽഎമാരെ വേട്ടയാടാൻ ഒരു പാർട്ടിയെയും അനുവദിക്കില്ല; പാഴ്വാക്കായി ​ഗോവൻ മുൻ മുഖ്യമന്ത്രിയുടെ ശപഥം

0
90

പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും ബെറ്റിമിലെ മുസ്ലിം പള്ളിയിലും പോയി തങ്ങളൊരിക്കലും കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് പോകില്ലെന്നും കോൺഗ്രസ്സിൽ തുടരുമെന്നും സത്യം ചെയ്ത കോൺഗ്രസ്സ് സ്‌ഥാനാർത്ഥികളുടെ സംഘത്തെ നയിച്ചത് അന്നത്തെ നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബർ കാമത്തായിരുന്നു. ഇതേ നേതാവാണ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കിറിയ എം എൽ എമാരെയും നയിച്ചത്.

പി ചിദംബരത്തെ സാക്ഷി നിർത്തി അന്ന് സത്യം ചെയ്ത ദിഗംബർ കാമത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ഗൗരവമുള്ളവരാണ്, ഞങ്ങളുടെ എംഎൽഎമാരെ വേട്ടയാടാൻ ഒരു പാർട്ടിയെയും അനുവദിക്കില്ല. ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് ഞങ്ങൾ. സർവ്വശക്തനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. അതിനാൽ, ഇന്ന് ഞങ്ങൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു.” 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളോടെ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ്സ് ആയിരുന്നു. എന്നിട്ടും കോൺഗ്രസിനന്ന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപി അധികാരം പിടിച്ചു.

2019 ജൂലൈയിൽ കോൺഗ്രസ്സിലെ 10 എംഎൽഎമാർ ബിജെപിയിലേക്ക് ചാടി. വെറും ചാട്ടമായിരുന്നില്ല. കോൺഗ്രസ്സ് ലേജിസ്ലേറ്റീവ് പാർടിയെ ബിജെപിയിൽ ലയിപ്പിച്ചുകൊണ്ടുള്ള ഒന്നൊന്നര ചാട്ടമായിരുന്നു അത്. ചാടിയ എംഎൽഎമാർക്ക് മന്ത്രി പദമുൾപ്പെടെ പ്രതിഫലങ്ങളും കിട്ടി. പിന്നീടും പല ഘട്ടങ്ങളിലായി കോൺഗ്രസ്സ് എംഎൽഎമാർ ബിജെപിയിലേക്കുള്ള ചാട്ടം തുടർന്നു.

ഒടുവിൽ, 2022 ൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ കോൺഗ്രസ്സിൽ അവശേഷിച്ചത് കേവലം ഒരൊറ്റ എംഎൽഎ മാത്രമായിരുന്നു. അയാളാണ് ദിഗംബർ കാമത്ത്. ആരുപോയാലും കാമത്ത് പോകില്ലെന്നായിരുന്നു 2022 ലെ തെരഞ്ഞെടുപ്പുകാലത്തെ കോൺഗ്രസ്സിന്റെ പ്രചാരണം. കാമത്തിന്റെയും മൈക്കിൾ ലോബോയുടെയും നേതൃത്വത്തിൽ ദൈവങ്ങളെപ്പിടിച്ച് ആണയിട്ടകൂട്ടർ പാർടിവിട്ട് ബിജെപിയിലേക്ക് ചാടുമെന്ന് വോട്ടർമാർ ചിന്തിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടവർ ഇത്തവണ കോൺഗ്രസ്സിന് 11 സീറ്റുനൽകാനുള്ള കരുണ കാട്ടി.

എന്നാൽ ഇതേ ദിഗംബർ കാമത്താണ് ഇപ്പോൾ വീണ്ടും കോൺഗ്രസ്സ് ലേജിസ്ലേറ്റീവ് പാർടിയെ മൊത്തത്തിൽ ബിജെപിയിൽ ലയിപ്പിക്കാൻ നേതൃത്വം കൊടുത്തിരിക്കുന്നത്. ബിജെപിക്കെതിരെ ഒരക്ഷരം വാ തുറക്കാതെ, അതേസമയം രാജസ്ഥാൻ സർക്കാരിന്റെ പരസ്യം കേരളത്തിലെ പത്രങ്ങളുടെ ഒന്നാം പേജിൽ നിരന്തരം കൊടുക്കാൻ ഉത്സാഹം കാട്ടുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കോൺഗ്രസ്സിന്. ബിജെപിയില്ലാത്തയിടങ്ങളിൽ മാത്രം കെട്ടിക്കിടന്ന് ബേക്കറി പര്യടനം നടത്തലാണ് അവരുടെ പ്രയോരിറ്റിയും.