കന്നിമാസ പൂജ: ശബരിമല ക്ഷേത്ര നട നാളെ തുറക്കും

0
130

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ (16.09.2022) വൈകുന്നേരം അഞ്ചിന് തുറക്കും. 16.09.2022 മുതൽ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.

കന്നി ഒന്നായ 17 ന് പുലർച്ചെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും.

21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.