കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; 2.5 കോടി രൂപയുടെ സ്വർണം പിടികൂടി

0
102

കരിപ്പൂർ വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ സ്വർണം പിടികൂടി. സ്വർണ കടത്തിന് കൂട്ടുനിന്ന ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി.4.9 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചത്. യാത്രക്കാരൻ്റെ ബാഗേജിൽ ആയിരുന്നു സ്വർണം. സ്വർണം കൊണ്ടുവന്ന യാത്രക്കാരൻ ബാഗേജ് ഉപേക്ഷിച്ച് മുങ്ങി.

കഴിഞ്ഞ തിങ്കളാഴ്ച ദുബായിൽ നിന്ന് വന്ന 6 E 89 വിമാനത്തിലെ ഒരു യാത്രക്കാരൻ്റെ ബാഗേജിൽ നിന്ന് ആണ് സ്വർണം കണ്ടെത്തിയത്. ബാഗേജ് കൊണ്ടുവന്ന വയനാട് സ്വദേശി അഷ്കർ അലി ഇത് ഉപേക്ഷിച്ചു മുങ്ങി. സ്വർണം കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ വിമാന കമ്പനി ജീവനക്കാർ ആണ് പിടിയിലായത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തുണിയിലും സോക്‌സിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു.

സംഭവത്തെ പറ്റി കസ്റ്റംസ് നൽകുന്ന വിശദീകരണം ഇങ്ങനെ ആണ്. വിമാനത്തിൽ നിന്ന് ലഗ്ഗേജ് കൊണ്ട് വരുന്ന ട്രാക്ടർ ട്രോളിയിൽ നിന്ന് തന്നെ ഇൻഡിഗോ ജീവനക്കാർ സ്വർണം അടങ്ങിയ പെട്ടി മാറ്റും. പെട്ടിയിൽ ആഭ്യന്തര പുറപ്പെടൽ ടാഗ് പതിച്ച് കൊണ്ടുവരും. ഇങ്ങനെ കസ്റ്റംസ് പരിശോധനയിൽ നിന്നും വെട്ടിച്ച് കൊണ്ടുവരുന്ന പെട്ടി പുറത്ത് എത്തിച്ച് കൈമാറും. മുൻപ് നിരവധി തവണ ഇവർ ഇത്തരത്തിൽ സ്വർണം കടത്താൻ കൂട്ട് നിന്നിട്ടുണ്ട് എന്നും കസ്റ്റംസ് അധികൃതർ പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ബഗ്ഗേജിൽ ടാഗ് പതിച്ച് മാറ്റാൻ ശ്രമിക്കവേ ആണ് ഇൻഡിഗോ ജീവനക്കാരനായ സാജിദ് റഹ്മാനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് മറ്റൊരു ജീവനക്കാരനായ കസ്റ്റമർ സർവീസ് ഏജന്റ് മുഹമ്മദ് സാമിൽ പിടിയിലായത്. ഇവർ ഇത്തരത്തിൽ സ്വർണം അടങ്ങിയ പെട്ടികൾ മാറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ട വയനാട് സ്വദേശി അഷ്കർ അലിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. ഇയാളുടെ അസാനിധ്യത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആണ് പെട്ടി തുറന്നത്.

രണ്ട് സ്വതന്ത്ര സാക്ഷികളുടെയും ഇൻഡിഗോ എയർലൈൻ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ ആണ് പെട്ടി തുറന്നത്. ബാഗേജിൽ 4.9 കിലോഗ്രാം സ്വർണം തുണിയിൽ പൊതിഞ്ഞ് ആണ് സൂക്ഷിച്ചിരുന്നത്. തുണികൊണ്ടുള്ള ബെൽറ്റിലും സോക്സിലും ആയിരുന്നു സ്വർണ മിശ്രിതം. ഇത് വേർതിരിച്ചെടുക്കലും തുടർ നടപടികളും പുരോഗമിക്കുക ആണ്.

സ്വർണത്തിൻ്റെ മൂല്യം 2.5 കോടി രൂപയോളം വരും. ഇത് സമീപ കാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടുന്ന ഏറ്റവും ഉയർന്ന അളവിൽ ഉള്ള സ്വർണം ആണ്.

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരിൽ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വർണം ആണ്. ഇക്കാലയളവിൽ 25 കോടിയോളം രൂപയുടെ സ്വർണം പൊലീസും പിടിച്ചെടുത്തു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് കൂടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരംഈവർഷം ഇതുവരെ 205 കിലോയോളം കടത്തു സ്വർണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയർ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആർഐയും വിമാനത്താവളത്തിൽ കേസുകൾ പിടികൂടാറുണ്ട്.