വിമർശകരുടെയും പ്രതിഷേധിക്കുന്നവരുടെയും അക്കൗണ്ടുകൾ പൂട്ടണം; കേന്ദ്രസർക്കാർ ട്വിറ്ററിൽ ചാരന്മാരെ നിയോഗിച്ചതായി വെളിപ്പെടുത്തൽ

0
64

സോഷ്യൽ മീഡിയ വെബ്സൈറ്റായ ട്വിറ്ററിൽ കേന്ദ്ര സർക്കാർ ചാരന്മാരെ നിയോ​ഗിച്ചതായി വളിപ്പെടുത്തൽ. തങ്ങളുടെ രാഷ്‌ട്രീയതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാനാണ് സർക്കാർ ഈ നീക്കം നടത്തിയതെന്ന് ട്വിറ്റർ മുൻ സുരക്ഷാമേധാവി പീറ്റർ സാത്‌കോയാണ്‌ അമേരിക്കൻ സെനറ്റ്‌ സമിതിയോട്‌ നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കുന്നു. പ്രതിപക്ഷ രാഷ്‌ട്രീയ പ്രവർത്തകരും കേന്ദ്രസർക്കാരിന്റെ വിമർശകരും സർക്കാർനയങ്ങളിൽ പ്രതിഷേധിക്കുന്നവരും അടക്കമുള്ളവരുടെ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവ്‌ ട്വിറ്റർ പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാനാണ്‌ ചാരന്മാരെ നിയോഗിച്ചത്‌. ഇത്തരത്തിൽ രണ്ട്‌ പേരെ ജോലിക്ക്‌ എടുക്കാൻ ട്വിറ്റർ തയ്യാറായെന്ന്‌ ‘മജ്‌’ എന്ന്‌ അറിയപ്പെടുന്ന സാത്‌കോ പറഞ്ഞു. കമ്പനി സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ സർക്കാരിന്റെ ചാരന്മാർക്ക്‌ അനുമതി നൽകിയതുവഴി ട്വിറ്റർ അവരുടെ ഉപയോക്താക്കളെ വഞ്ചിച്ചു എന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ട്വിറ്റർ പരാജയമാണെന്നും അധാർമിക പ്രവർത്തനങ്ങൾക്ക്‌ കമ്പനി ഒത്താശചെയ്യുന്നുവെന്നും സാത്‌കോ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രതിരോധ ഗവേഷണ വകുപ്പിലും ഗൂഗിളിലും പ്രവർത്തിച്ചശേഷം ട്വിറ്ററിൽ എത്തിയ സാത്‌കോ ഇക്കൊല്ലം തുടക്കത്തിലാണ്‌ ഈ കമ്പനി വിട്ടത്‌. ഇപ്പോൾ സൈബർമേഖലയിലെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലാണ്‌.

നേരത്തേ ഫെയ്‌സുബുക്കിലും വാട്‌സാപ്പിലും കേന്ദ്രസർക്കാർ വഴിവിട്ട ഇടപെടലുകൾ നടത്തുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. വാണിജ്യതാൽപ്പര്യം മുൻനിർത്തി ഈ കമ്പനികൾ കേന്ദ്രസർക്കാരിനും ബിജെപിക്കും വഴങ്ങുകയാണെന്നും വെളിപ്പെടുത്തലുകളുണ്ടായി.