സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌

0
86

സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌. നായ കടിയേറ്റ്‌ ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട്‌ ചെയ്‌തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിക്കുക. ജനുവരിമുതൽ ആഗസ്‌ത്‌വരെയുള്ള റിപ്പോർട്ടാണ് അടിസ്ഥാനമാക്കിയത്.

തിരുവനന്തപുരത്താണ് കൂടുതൽ ഹോട്ട്‌സ്‌പോട്ട്‌. 28 പ്രദേശം പട്ടികയിലുണ്ട്. 17 പ്രദേശത്ത്‌ ചികിത്സയ്ക്കെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്‌. പാലക്കാടാണ് രണ്ടാമത്‌. 26 ഹോട്ട്‌സ്‌പോട്ടുണ്ട്‌ ഇവിടെ. പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മാത്രം 641 കേസുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ സംഭവം റിപ്പോർട്ട്‌ ചെയ്‌തത്‌ ഇവിടെയാണ്‌. അടൂർ, അരൂർ, പെർള എന്നിവിടങ്ങളിൽ 300ൽ അധികമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ഹോട്ട്‌സ്‌പോട്ടുള്ള ഇടുക്കിയിലാണ്‌ ഏറ്റവും കുറവ്‌.

പരമാവധി തെരുവുനായകൾക്ക്‌ വാക്‌സിനേഷൻ നൽകാനുള്ള ശ്രമത്തിലാണ്‌ മൃഗസംരക്ഷണ വകുപ്പ്‌. അഞ്ചു ലക്ഷം വാക്‌സിനുകൾ ഇവയ്ക്ക്‌ നൽകാൻ എത്തിച്ചു. വെറ്ററിനറി ഡോക്ടർമാർ ഇല്ലാത്ത ആശുപത്രികളിൽ തൊട്ടടുത്ത പഞ്ചായത്തിൽനിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. കൂടുതൽ ഡോക്ടർമാരെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമിക്കുമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.