റഷ്യ പിടിച്ചടക്കിയ ഖാർകിവ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രൈൻ

0
28

റഷ്യ പിടിച്ചടക്കിയ ഖാർകിവ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രൈൻ. മേഖലയുടെ നിയന്ത്രണം പൂർണമായും തിരിച്ചുപിടിച്ചതായി യുക്രൈൻ അവകാശപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തോളം റഷ്യയുടെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം സൈന്യം പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതാക ഉയർത്തി. വ്ളാഡിമിർ പുടിന്റെ സൈനിക അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ ഖാർകിവ് കീഴടക്കിയിരുന്നു.

യുക്രൈൻ-റഷ്യൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഖാർകിവ് ഒബ്ലാസ്റ്റിലെ വോവ്ചാൻസ്‌കിൽ യുക്രൈൻ സൈന്യം തമ്പടിച്ചിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം പ്രദേശം വിട്ടു.

സമീപകാല പരാജയങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സൈനിക മേധാവികളും ക്രിമിയയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോൺബാസിലെ റഷ്യൻ സേന വിന്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഖാർകിവ് മേഖലയിലെ ഇസിയം, കുപിയാൻസ്‌ക് എന്നിവയും സൈന്യം ഏറ്റെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഈ മാസം ഇതുവരെ രാജ്യത്തിന്റെ കിഴക്കും തെക്കുമായി 6,000 ചതുരശ്ര കിലോമീറ്റർ (2,300 ചതുരശ്ര മൈൽ) സൈന്യം തിരിച്ചുപിടിച്ചതായി യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി പറഞ്ഞു. റഷ്യൻ സേനയിൽ നിന്ന് തിരിച്ചുപിടിച്ച 4,000 ചതുരശ്ര കിലോമീറ്റർ (1,500 ചതുരശ്ര മൈൽ) പ്രദേശത്തിന്റെ പൂർണ നിയന്ത്രണം യുക്രൈനിനാണ്. കൂടാതെ അടുത്തിടെ നടത്തിയ പ്രത്യാക്രമണത്തിൽ 6,000 ചതുരശ്ര കിലോമീറ്റർ കൂടി തിരിച്ചുപിടിച്ചതായും പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു.