അമേരിക്ക ഉപേക്ഷിച്ച ഹെലികോപ്ടർ പറത്താൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ് മൂന്നു താലബാൻകാർ കൊല്ലപ്പെട്ടു. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുമ്പോൾ ഉപേക്ഷിച്ച ഹെലികോപ്ടറുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. 30 ദശലക്ഷം ഡോളർ വിലമതിക്കുന്ന അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് തകർന്നത്.
അടുത്തിടെ പരിശീലനം പൂർത്തിയാക്കിയ താലിബാൻകാരനാണ് ഹെലികോപ്ടർ പറത്തിയിരുന്നത്. ഇയാളെ കൂടാതെ മറ്റൊരു ട്രെയിനി പൈലറ്റും ഒരു ക്രൂ അംഗവുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. കാബൂളിലെ താലിബാൻ സൈനിക ആസ്ഥാനത്താണ് ഹെലികോപ്ടർ പതിച്ചത്.
ഹെലികോപ്ടർ തകർന്നുവീണതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഹെലികോപ്ടർ അപകടത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. സാങ്കേതികത്തകരാറാണ് അപടകകാരണമെന്ന് താലിബാൻ അറിയിച്ചു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയപ്പോൾ കാബൂളിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപ് വിമാനങ്ങൾ, സൈനികവിമാനങ്ങൾ തുടങ്ങി പലതും നശിപ്പിച്ചരുന്നു. എങ്കിലും ചില ഹെലികോപ്ടറുകൾ താലിബാൻ കൈവശപ്പെടുത്തിയിരുന്നു. ഇവയിലൊന്നാണ് ശനിയാഴ്ച അപകടത്തിൽ പെട്ടത്.