ഭോപ്പാലിൽ നഴ്സറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് പൊളിച്ചുനീക്കി

0
63

മധ്യപ്രദേശിലെ ഭോപ്പാലിൽ നഴ്സറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് പൊളിച്ചുനീക്കി. റവന്യൂ ജീവനക്കാരും പോലീസും മുനിസിപ്പൽ കോർപ്പറേഷനും ചേർന്നാണ് നടപടിയെടുത്തത്. ഷാപുരയിലെ വസന്ത് കുഞ്ച് കോളനിക്ക് സമീപമുള്ള വീടാണ് പൊളിച്ചത്. സ്‌കൂൾ ബസ് ഡ്രൈവറായ പ്രതി ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.

വസന്ത് കുഞ്ച് കോളനിക്ക് സമീപമുള്ള പൂന്തോട്ടം കയ്യേറിയെന്നാണ് പ്രതിക്കെതിരായ ആരോപണം. വീട് പൊളിക്കുന്നതിന് മുന്നോടിയായി താമസക്കാരെ ഒഴിപ്പിച്ചിരുന്നു. സ്‌കൂൾ ബസ്സിനുള്ളിൽ വെച്ചാണ് കുട്ടിയെ ഡ്രൈവർ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ട അമ്മ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ അമ്മ സ്‌കൂൾ മാനേജ്മെന്റിനെ സമീപിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ വൻ ജനരോഷം ഉയർന്നിരുന്നു. പെൺകുട്ടികളെ കയറ്റി പോകുന്ന ബസുകളിൽ സിസിടിവി ക്യാമറകൾ നിർബന്ധമാക്കി. ബസുകളിൽ വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നും കലക്ടർ അവിനാഷ് ലവാനിയ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്‌കൂൾ മാനേജ്മെന്റിനാണെന്നും അശ്രദ്ധ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.