കെട്ടിട നിർമ്മാണത്തിന് താൽക്കാലികമായി സ്ഥാപിച്ച ലിഫ്റ്റ് തകർന്ന് വീണ് ഏഴ് തൊഴിലാളികൾ മരിച്ചു

0
80

കെട്ടിട നിർമ്മാണത്തിന് താൽക്കാലികമായി സ്ഥാപിച്ച ലിഫ്റ്റ് തകർന്ന് വീണ് ഏഴ് തൊഴിലാളികൾ മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്സിറ്റിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. അപകട കാരണം വ്യക്തമല്ല. സുരക്ഷാ സംവിധാനങ്ങൾ നൽകുന്നതിലടക്കം വീഴ്ചയുണ്ടായോ എന്ന് പൊലീസ് അന്വേഷിക്കും. മരിച്ചവരെല്ലാം ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ളവരാണ്.

കെട്ടിട നിർമാതാക്കൾ മുനിസിപ്പൽ കോർപ്പറേഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമലംഘനമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയർ കെ ജെ പർമർ പറഞ്ഞു. അതേസമയം, രാവിലെ 7.30 ഓടെയാണ് സംഭവം നടന്നതെന്നും കെട്ടിട നിർമ്മാതാവ് സംഭവം മൂടിവെക്കാൻ ശ്രമിച്ചെന്നും പൊലീസിൽ 11മണിക്കാണ് വിവരം അറിയിച്ചതെന്നും ആരോപമുയർന്നു.

അപകട വിവരം തങ്ങൾക്കും കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയത്. അപകടം നടന്നതായി മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നുമാണ് അറിഞ്ഞത്. ഡെവലപ്പർമാരോ മറ്റേതെങ്കിലും ഏജൻസിയോ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും ചീഫ് ഫയർ ഓഫീസർ ജയേഷ് ഖാദിയ പറഞ്ഞു.

സഞ്ജയ്ഭായ് ബാബുഭായ് നായക്, ജഗദീഷ്ഭായ് രമേഷ്ഭായ് നായക്, അശ്വിൻഭായ് സോംഭായ് നായക്, മുകേഷ് ഭരത്ഭായ് നായക്, മുകേഷ്ഭായ് ഭാരത്ഭായ് നായക്, രാജ്മൽ സുരേഷ്ഭായ് ഖരാഡി, പങ്കജ്ഭായ് ശങ്കർഭായ് ഖരാഡി എന്നിവരാണ് മരിച്ചത്.