Wednesday
31 December 2025
21.8 C
Kerala
HomePoliticsഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ...

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പിരിച്ചുവിട്ടു

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ഐപിഎസ്​ ഉദ്യോഗസ്ഥൻ സതീഷ്​ ചന്ദ്ര വർമയെ ആണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെപ്‌തംബർ 30ന് വിരമിക്കാനിരിക്കെയാണ്​ കേന്ദ്ര നടപടി. വകുപ്പുതലത്തിലുള്ള കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവില്‍ കോയമ്പത്തൂരില്‍ സിആര്‍പിഎഫ് ഐജിയാണ്.

ഇസ്രത് ജഹാൻ കേസിൽ ആദ്യം ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) അംഗമായിരുന്നു. പിന്നീട് കോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ അന്വേഷണത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ജഹാൻ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ നടത്താൻ കഴിയാതിരുന്നതിനാൽ 2011ൽ ​ഗുജറാത്ത് സംസ്ഥാന സർക്കാർ വർമയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു.

മുൻ പൊലീസ് ഡയറക്ടർ ജനറൽ പിപി പാണ്ഡെ, ഡി ജി വൻസാര, ഐജിപി ജി എൽ സിംഗാൾ, റിട്ടയേർഡ് പൊലീസ് സൂപ്രണ്ട് എൻ കെ അമിൻ, മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ വർമ്മ നിർണായക പങ്ക് വഹിച്ചു.

2004ലാണ് മുംബൈയിലെ വിദ്യാര്‍ത്ഥിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്. നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ തീവ്രവാദി സംഘത്തില്‍പ്പെട്ടവരാണെന്ന് ആരോപിച്ചാണ് വ്യാജ ഏറ്റുമുട്ടലില്‍ ഇവരെ കൊലപ്പെടുത്തിയത്.

RELATED ARTICLES

Most Popular

Recent Comments