സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ഒരേ പോലെ ആശ്രയിക്കുന്ന പാക്സിതാന്റെ പ്രചാരണങ്ങൾക്ക്, ഉത്തരവാദിത്വ ബോധമുള്ള രാജ്യങ്ങൾ ചെവികൊടുക്കുന്നത് നിരാശാജനകമാണ്. വിഷയത്തിൽ ഒ ഐ സിയുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഒ ഐ സിയിൽ ഉള്ളത്. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച പാകിസ്താന്റെ വാദഗതികൾ ഒ ഐ സി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.
കശ്മീരിൽ ഇന്ത്യ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഒ ഐ സി കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ സമിതിയിൽ പരാമർശിച്ചിരുന്നു. ഇന്ത്യ മേഖലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന് പാകിസ്താനും ആരോപിച്ചിരുന്നു.
തുടർന്ന്, ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്താനെതിരെ രൂക്ഷവിമർശനമാണ് ഇന്ത്യ ഉന്നയിച്ചത്. സ്വന്തം ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ഒരേ പോലെ ആശ്രയിക്കേണ്ട ഗതികേടുള്ള രാജ്യമാണ് പാകിസ്താൻ. ഇന്ന് ബംഗ്ലാദേശ് എന്ന് അറിയപ്പെടുന്ന പഴയ കിഴക്കൻ പാകിസ്താൻ മേഖലയിൽ അവർ ചെയ്തു കൂട്ടിയ വംശഹത്യകൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണെന്ന് ഇന്ത്യ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിരന്തരമായി നിഷേധിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
എതിർപ്പുകളെ നിശ്ശബ്ദമാക്കാൻ അനധികൃതമായ കടത്തിക്കൊണ്ട് പോകലുകൾ, നിയമവിരുദ്ധ തടവ് ശിക്ഷകൾ എന്നിവ പാകിസ്താൻ ഉപയോഗിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ, വിദ്യാർത്ഥികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ ഭരണകൂടം വേട്ടയാടുന്നു. ബലൂചിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലകളിൽ ജീവിക്കുന്നവർ നരകതുല്യമായ ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീർ വിഷയം ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിക്കാൻ നിരവധി തവണ ശ്രമിച്ച് പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഭാഗികമായി പാക് അനുകൂല നിലപാടാണ് ഒ ഐ സി സ്വീകരിച്ചു പോരുന്നത്. ഇന്ത്യയിൽ നിന്നും മറുപടി ലഭിച്ചു കഴിഞ്ഞാൽ അവരും പിന്നീട് കാര്യമായ പ്രതികരണങ്ങൾ നടത്താറില്ല. ഇന്ത്യക്കെതിരെ വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പാകിസ്താന് ഒ ഐ സി നൽകുന്ന പിന്തുണയെ മിക്കപ്പോഴും ഇന്ത്യ വിമർശിക്കാറുണ്ട്.