പഞ്ചാബിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കും

0
41

പഞ്ചാബ് സർക്കാരിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് ഇന്ത്യൻ സേന. റിക്രൂട്ട്‌മെന്റ് റാലി നിർത്തിവെയ്ക്കുകയോ മറ്റേതെങ്കിലും ഇടങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് സൈന്യം ആലോചിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജലന്ധറിലെ സൈന്യത്തിന്റെ സോണൽ റിക്രൂട്ട്‌മെന്റ് ഓഫീസർ പഞ്ചാബ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി.

സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അയൽ സംസ്ഥാനങ്ങളിൽ റാലികൾ നടത്താൻ ആലോചിക്കുകയാണെന്ന് അധികൃതർ പഞ്ചാബ് സർക്കാരിനോട് പറഞ്ഞു. ഫണ്ടിന് പുറമെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശങ്ങളൊന്നുമില്ലെന്നും കത്തിൽ പറയുന്നു. സർക്കാർ വ്യക്തമായ നിർദ്ദേശം നൽകാത്തതിനാലാണ് പഞ്ചാബിലെ അധികൃതരിൽ നിന്ന് സഹകരണം ലഭിക്കാത്തതെന്നും കത്തിൽ ആരോപിക്കുന്നു.

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികൾ അടുത്തിടെ ലുധിയാനയിൽ നടന്നിരുന്നു, പട്യാലയ്ക്ക് പുറമെ ഗുരുദാസ്പൂരിലും ഡ്രൈവ് നടന്നിരുന്നു. ‘വിചിത്രവും’ ഇന്ത്യൻ സൈന്യത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്ന എൻഡിഎ സർക്കാരിന്റെ ‘യുക്തിരഹിതമായ നീക്കവും’ എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ റിക്രൂട്ട്മെന്റ് സ്‌കീമിനെ വിശേഷിപ്പിച്ചത്. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പതിനേഴര മുതൽ 23 വയസ്സുവരെയുള്ള യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരമൊരുക്കുന്നതാണ് അഗ്നിപഥ്. ജൂണിലാണ് പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. നാല് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.