സഭയുടെ മികവാർന്ന പാരമ്പര്യം തുടരാൻ ഷംസീറിന് കഴിയട്ടേ, ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വജയൻ

0
64

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാർന്ന പാരമ്പര്യം തുടരാൻ ഷംസീറിന് കഴിയട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിൻറെ പ്രസരിപ്പ് ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷംസീർ നടന്നുകയറിയത് ചരിത്രത്തിൻറെ പടവുകളിലേക്കാണെന്ന പ്രസ്താവനയിലുടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തന്റെ അഭിനന്ദനം അറിയിച്ചു. പ്രതിപക്ഷ അവകാശം സംരക്ഷിക്കാൻ സ്പീക്കർ മുൻപന്തിയിൽ നിൽക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുൻ സ്‍പീക്കർ എം ബി രാജേഷിൻറെ പ്രവർത്തനങ്ങളെയും വി ഡി സതീശൻ അഭിനന്ദിച്ചു. രാജേഷ് മികച്ച സ്പീക്കറായിരുന്നെന്നാണ് വി ഡി സതീശൻ പറഞ്ഞത്.

സ്‍പീക്കർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുമാണ് കിട്ടിയത്. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ചിറ്റയം ഗോപകുമാർ വോട്ട് ചെയ്തില്ല. ഭരണപക്ഷത്ത് നിന്നും മൂന്നു പേര് വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിൻ, ദലീമ ജോജോ എന്നിവർ വിദേശത്തായതിനാലാണ് വോട്ട് ചെയ്യാതിരുന്നത്,ഉംറക്ക് പോയതിനാൽ പ്രതിപക്ഷത്ത് നിന്നും യു എ ലത്തീഫ് വോട്ട് ചെയ്തില്ല. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ചെയറിലേക്ക് നയിച്ചു.