കേരള നിയമസഭയിടെ 24-ാമത് സ്‌പീക്കർ ആയി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു

0
94

കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കർ ആയി എൽഡിഎഫിലെ എ എൻ ഷംസീറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായ അൻവർ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീർ വിജയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ഒരുമിച്ച് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തലശേരി എംഎൽഎയുമാണ് എ എൻ ഷംസീർ. സ്പീക്കർ ആയിരുന്ന എം ബി രാജേഷ്‌ മന്ത്രിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ രാവിലെ പത്തിന്‌ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്‌ നടത്തിയത്.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്‌.