ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; രണ്ട് നാള്‍ വ്യാപക മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

0
83

കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ നാല്  ദിവസം വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത.

തെക്ക് ഒഡിഷ-വടക്കു ആന്ധ്രാ തീരത്തിന് സമീപത്തു വടക്കു പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന   ‘ശക്തി കൂടിയ ന്യുന മർദ്ദം’  പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി തെക്കു ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.

ഇതിന്‍റെ ഫലമായി  കേരളത്തിൽ സെപ്റ്റംബർ 11  മുതൽ 12  വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 14വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.