Monday
12 January 2026
20.8 C
Kerala
HomeKeralaതൃശൂരിലെ പുലിക്കളി ഇന്ന് നടക്കും; ദുഃഖാചരണമായതിനാൽ സർക്കാരിൻറെ ഔദ്യോഗിക പങ്കാളിത്തം ഉണ്ടായിരിക്കില്ല

തൃശൂരിലെ പുലിക്കളി ഇന്ന് നടക്കും; ദുഃഖാചരണമായതിനാൽ സർക്കാരിൻറെ ഔദ്യോഗിക പങ്കാളിത്തം ഉണ്ടായിരിക്കില്ല

തൃശൂരിലെ പുലിക്കളി ഇന്ന് നടക്കും. എലിസബത്ത് രാജ്ഞി അന്തരിച്ചതിനെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചുവെങ്കിലും പുലിക്കളി മാറ്റിവെയ്ക്കേണ്ടതില്ലെന്നാണ് സംഘങ്ങളുടെ തീരുമാനം. ദുഃഖാചരണമായതിനാൽ സർക്കാരിൻറെ ഔദ്യോഗിക പങ്കാളിത്തം ഇത്തവണ ഉണ്ടായിരിക്കില്ല. ഇന്ന് തന്നെ പുലിക്കളി നടത്തുകയാണെങ്കിൽ ഔദ്യോ​ഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ സംഘങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുകയും തുടർന്ന് പുലിക്കളിയുമായി മുന്നോട്ട് പോകാൻ അവർ തീരുമാനിക്കുകയുമായിരുന്നു. കലാപരിപാടികൾക്ക് മാറ്റമുണ്ടാകില്ല. പുലിക്കളി മാറ്റിവെച്ചാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനെ തുടർന്നാണ് പുലിക്കളി നടത്താൻ തീരുമാനമായത്.

പുലിവേഷം കെട്ടുന്നതിനുള്ള ചായം അരയ്ക്കുന്ന ജോലി മിക്ക പുലിക്കളി സംഘങ്ങളും തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിന് വേണ്ടി ലഭിച്ച മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുലിക്കളി മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണ് സംഘങ്ങളുടെ വിലയിരുത്തൽ. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം കലാകാരന്മാരാണ് പുലിക്കളിയിൽ പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും.

കഴിഞ്ഞ രണ്ട് വർഷം കൊവിഡിൽ മുങ്ങിയ പുലിക്കളി ഇത്തവണ വിപുലമായി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചത്. തുടർന്ന് പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക.

അതേസമയം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഇന്ന് ദുഃഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്. ഔദ്യോ​ഗിക പരിപാടികൾ ഒന്നും തന്നെ ഇന്ന് ഉണ്ടായിരിക്കില്ല. ദുഃഖാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഇതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

RELATED ARTICLES

Most Popular

Recent Comments