അർബുദരോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

0
71

അർബുദരോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ. കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മ(90)യുടെ മരണത്തിൽ ഇവരുടെ മകളുടെ മകൻ സുരേഷ്‌കുമാർ (ഉണ്ണി-35) ആണ് പിടിയിലായത്. സ്വാഭാവിക മരണമെന്ന് കരുതി സംസ്കാരം നടത്താനുള്ള തയാറെടുപ്പിനിടെ തലയിൽ കണ്ട മുറിവാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നമ്മ കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിർത്തിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി തർക്കമുണ്ടായി. വഴക്കിനും പിടിവലിക്കുമിടെ ഇവരെ കട്ടിലിൽ തലയിടിപ്പിച്ചും കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം സുരേഷിന്റെ അമ്മ സുമംഗല ആടിനെ തീറ്റാനായി പുറത്തുപോയിരുന്നു. പൊന്നമ്മയും സുമംഗലയുമാണ് വീട്ടിൽ താമസിച്ചിരുന്നത്.

സുമംഗല മടങ്ങിയെത്തിയപ്പോൾ മുത്തശ്ശി മരിച്ചെന്നറിയിച്ചു. സുരേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു. എന്നാൽ തലയിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളിൽ ചിലർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് അന്വേഷിച്ചപ്പോൾ മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.

തുടർന്ന് കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. പൊന്നമ്മ ഏറെനാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. മദ്യലഹരിയിൽ സുരേഷ് മുമ്പും മുത്തശ്ശിക്കും വീട്ടുകാർക്കും നേരേ അക്രമം കാട്ടിയിരുന്നതായി പോലീസ് പറഞ്ഞു.