ഹരിദ്വാറിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ വിതരണം ചെയ്ത മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു

0
78

ഹരിദ്വാറിൽ വിഷ മദ്യ ദുരന്തം. രണ്ട് ഗ്രാമങ്ങളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി വിതരണം ചെയ്ത മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഫൂൽഗഢ് ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേരും, ശിവഗഢ് ഗ്രാമത്തിൽ നിന്നുള്ള രണ്ടു പേരുമാണ് മരിച്ചത്. മരണം ഇനിയും ഉയരാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വിഷ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ സംസ്ഥാന സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ചുവരികയാണ്. കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിനും മജിസ്‌ട്രേറ്റ് അന്വേഷണത്തിനും ശേഷമേ വ്യക്തമാകൂ. അമിത മദ്യപാനമാണോ മരണകാരണം എന്നും പരിശോധിച്ചുവരികയാണെന്നും എസ്എസ്പി അറിയിച്ചു.