ഛബഹാര്‍ തുറമുഖം വികസനം : ഇന്ത്യ-ഇറാന്‍ ദീര്‍ഘകാല കരാറിന്‌ അന്തിമരൂപമായി

0
231

തന്ത്രപ്രധാനമായ ഛബഹാർ തുറമുഖത്തിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്‌ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല കരാറിന്‌ അന്തിമരൂപമായെന്നു സൂചന. മധ്യസ്‌ഥത സംബന്ധിച്ച ഒരു വിഷയത്തിൽ മാത്രമാണ്‌ തീരുമാനമാകാത്തതെന്നും മറ്റുള്ള വിഷയങ്ങളിൽ ധാരണയായെന്നും ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തി.

10 വർഷത്തേക്ക്‌ സാധുതയുള്ളതും സ്വാഭാവികമായി കാലാവധി നീട്ടുന്നതുമായ ദീർഘകാല കരാറിനാണു ധാരണയായിട്ടുള്ളത്‌. ഛബഹാർ തുറമുഖത്തെ ഷാഹിദ്‌ ബെഹെഷ്‌തി ടെർമിനലിലെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രാരംഭ ഉടമ്ബടിക്ക്‌ പകരമാണു പുതിയ കരാർ. ഓരോ വർഷവും പുതുക്കുന്ന രീതിയിലാണു നിലവിലുള്ള കരാർ.

ഇതാണ്‌ പത്തു വർഷമായി പുതുക്കി നിശ്‌ചയിച്ചത്‌. ഇറാനിലെ തുറമുഖങ്ങളിലും മറ്റ്‌ തീരദേശ അടിസ്‌ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപങ്ങളിൽ ചൈന കൂടുതൽ താൽപ്പര്യമെടുക്കുന്ന സാഹചര്യത്തിലാണ്‌ ഇന്ത്യയുടെ പുതിയ നീക്കം. കേന്ദ്ര സർക്കാർ ഉടമസ്‌ഥതയിലുള്ള ഇന്ത്യ പോർട്‌സ്‌ ഗ്ലോബൽ ലിമിറ്റഡ്‌(ഐ.പി.ജി.എൽ) നടത്തുന്ന ഷാഹിദ്‌ ബെഹെഷ്‌തി ടെർമിനലിന്റെ വികസനം വേഗത്തിലാക്കാൻ ഇറാൻ സമ്മർദം ശക്‌തമാക്കിയിരുന്നു. കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ സോനോവാളിന്റെ ഇറാൻ സന്ദർശനവേളയിൽ, ഛബഹാർ തുറമുഖത്തിന്റെ ദീർഘകാല കരാർ ചർച്ചയായിരുന്നു.