1000 ചതുരശ്ര കിലോമീറ്റർ സ്ഥലം തിരിച്ചുപിടിച്ച് യുക്രെയ്ൻ

0
160

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേനയ്ക്കു സാധനസാമഗ്രികൾ എത്തിക്കുന്ന പ്രധാന റെയിൽ പാത യുക്രെയ്ൻ സേന പിടിച്ചതോടെ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. ഹർകീവ് മേഖലയിൽ 50 കിലോമീറ്റർ മുന്നേറി റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ 1000 ചതുരശ്ര കിലോമീറ്റർ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ബലാക്ലീയ നഗരം യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഹഴ്സനിലും കാര്യമായ മുന്നേറ്റമുണ്ട്. റഷ്യ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചശേഷം യുക്രെയ്ൻ പ്രതിരോധം മാറ്റി ശക്തമായ ആക്രമണം ആരംഭിച്ചതായി സൂചനയുണ്ട്. റഷ്യൻ സേനയുടെ ബലഹീന മേഖല കണ്ടെത്തി അവിടെ ശക്തമായ ആക്രമണത്തിലൂടെ മുന്നേറ്റം നടത്തുകയായിരുന്നു. പശ്ചിമ റഷ്യയിൽ നിന്നു റഷ്യൻ സേനയ്ക്ക് യുദ്ധസാമഗ്രികൾ എത്തിക്കുന്ന റെയിൽവേ ലൈനാണ് യുക്രെയ്ൻ സേന നിയന്ത്രണത്തിലാക്കിയത്. പാശ്ചാത്യ രാജ്യങ്ങളിൽ ലഭിച്ച മെച്ചപ്പെട്ട ആയുധങ്ങൾ യുക്രെയ്ൻ സേനയുടെ മുന്നേറ്റത്തെ തുണച്ചു. മിസൈൽ ആക്രമണത്തിലൂടെ തിരിച്ചടിക്കാൻ റഷ്യ ശ്രമിക്കുന്നുണ്ട്. ഹർകീവിലെ ജനവാസ കേന്ദ്രങ്ങളിൽ രണ്ടിടത്ത് റഷ്യൻ മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്.

ഇതേസമയം, യുക്രെയ്നിന് 67.5 കോടി ഡോളറിന്റെ (5350 കോടിയോളം രൂപ) സൈനിക സഹായത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.