മലപ്പുറത്തെ ക്ഷേത്രമോഷണം; കർണാടക സ്വദേശി പിടിയിൽ

0
89

ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കർണാടക സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 18നാണ് കർണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അർജ്ജുൻ (34) ക്ഷേത്രത്തിൽ മോഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ പകുതി നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കർണാടകത്തിലെ ചിക്കബല്ലാപ്പുരയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ചിക്കബല്ലാപ്പുര ടൗൺ സ്റ്റേഷനിൽ പ്രതിയുടെ പേരിൽ കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം കേസുകൾ നിലവിലുണ്ട്. ഇയാൾ റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണെന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ കെ എൻ മനോജ്, എസ് ഐ രാമൻ, എസ്‌സിപിഒ സുഭാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കർണാടകയിൽ കണ്ടെത്തിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ ചിക്കബല്ലാപ്പുര ജയിലിലാണ്.