മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ കൊച്ചി നാവിക പരിശീലന കേന്ദ്രത്തിൽ വീണ്ടും പരിശോധന

0
64

മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ കൊച്ചി നാവിക പരിശീലന കേന്ദ്രത്തിൽ വീണ്ടും പരിശോധന. വെടിയുണ്ടയുടെ ഉറവിടം കണ്ടെത്താനായാണ് പരിശോധന നടത്തിയത്. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടെയെത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ആലപ്പുഴ അന്ധകാരണാഴി സ്വദേശി സെബാസ്റ്റ്യനാണ് കഴിഞ്ഞ ബുധനാഴ്ച കടലിൽ വെച്ച് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങിയ മത്സ്യത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയും ചെയ്തിരുന്നു. ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്‌സിന് സമീപ് വെച്ചായിരുന്നു സംഭവം.

സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങളിലായി ഐഎൻഎസ് ദ്രോണാചാര്യയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. മേഖലയിൽ നേവി ഉദ്യോഗസ്ഥർ ഫയറിംഗ് പരിശീലനം നടത്തിയിരുന്നതായി പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു ഐഎൻഎസ് ദ്രോണാചാര്യയിലെ പരിശോധന. എന്നാൽ, വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോൺ മിലിറ്ററി ബുള്ളറ്റാണെന്നുമാണ് നേവി നൽകുന്ന വിശദീകരണം.