വിദേശത്തേക്കു മനുഷ്യക്കടത്തിനു ശ്രമിച്ച കേസിൽ ശ്രീലങ്കൻ സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ

0
131

കടൽമാർഗം കൊല്ലത്തുനിന്നു വിദേശത്തേക്കു മനുഷ്യക്കടത്തിനു ശ്രമിച്ച കേസിൽ ശ്രീലങ്കൻ സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിലായി. ഇയാളെ കൊല്ലത്തെത്തിച്ചു. മറ്റു 2 പേർ കൂടി പിടിയിലായതായി വിവരമുണ്ട്. ശ്രീലങ്കയിൽനിന്നു തമിഴ്നാട്ടിൽ അഭയാർഥിയായി എത്തി തിരുച്ചിറപ്പള്ളിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ചന്ദ്രദാസ് (42) ആണു പിടിയിലായത്. മനുഷ്യക്കടത്ത് നടത്തുന്ന കൊളംബോ സ്വദേശിയായ ലക്ഷ്മണനുമായി ബന്ധമുള്ള ആളാണു ചന്ദ്രദാസ് എന്നു സൂചനയുണ്ട്. നേരത്തെ അറസ്റ്റിലായ 11 പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ഇവരിൽനിന്നു കൂടുതൽ വിവരം ലഭിക്കുമെന്നാണു കരുതുന്നത്. ഇവർക്കു പിന്നാലെ തിരുച്ചിറപ്പള്ളിയിൽനിന്നു തമിഴ്നാട് ക്യു ബ്രാ‍ഞ്ച് പൊലീസ് പിടികൂടി കേരള പൊലീസിനു കൈമാറിയ 5 പേരെ റിമാൻഡ് ചെയ്തു. നോർമാൻ (22), മാരിയമ്മാൾ നാഥൻ (34), സഹോദരങ്ങളായ അമൽരാജ് (37), വിനോദ് രാജ് (34), പ്രകാശ് രാജ് (25) എന്നിവരെയാണു റിമാൻഡ് ചെയ്തത്.

മത്സ്യബന്ധന ബോട്ടിൽ കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്ക് അനധികൃതമായി പോകുന്നതിനു കൊല്ലത്ത് എത്തിയ സംഘത്തിലെ 11 പേർ ഹോട്ടലിൽ നിന്നു പിടിയിലായതോടെ ആണ് മനുഷ്യക്കടത്തു സംബന്ധിച്ച വിവരം പുറത്തറിയുന്നത്. ഇവർ പിടിയിലായ വിവരം അറിഞ്ഞു തമിഴ്നാട്ടിലേക്ക് കാറിൽ കടന്നുകളഞ്ഞ 5 പേരെയാണു തിരുച്ചിറപ്പള്ളിയിൽനിന്നു പിടികൂടിയത്.

കൊല്ലം തീരം കേന്ദ്രമാക്കി ശ്രീലങ്കൻ മനുഷ്യക്കടത്തിനു ശ്രമം നടത്തിയ ശ്രീലങ്കൻ വംശജർ നേരത്തെയും പിടിയിലായിട്ടുണ്ട്. അടുത്ത കാലത്തു കൊല്ലത്തു നിന്നു വാങ്ങിക്കൊണ്ടുപോയി ഒളിപ്പിച്ചിരുന്ന ബോട്ട് ക്യു ബ്രാഞ്ച് പൊലീസ് പിടികൂടിയിരുന്നു. മനുഷ്യക്കടത്തിനു കൊല്ലം കേന്ദ്രമാക്കാൻ ദീർഘകാലമായി നടക്കുന്ന ശ്രമം സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. ഇതിനായി തയാറാക്കിയെന്നു പറയുന്ന ബോട്ട് കണ്ടെത്തിയിട്ടില്ല.