അരീക്കോട് പന്നിശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ

0
153

പന്നിശല്യം രൂക്ഷമായി അരീക്കോട് പഞ്ചായത്തിൽ കർഷകർ ദുരിതത്തിൽ. കൊഴക്കോട്ടൂർ, ചെമ്രക്കാട്ടൂർ, പൂങ്കുടി, മുണ്ടമ്പ്ര, കുനിത്തലകടവ്, വാവൂർ എന്നീ സ്ഥലങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്.

രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ കൃഷിയിടം ഒന്നടങ്കം നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. വാഴ, ചേമ്പ്, ചെറിയ കവുങ്ങ്, കൂവ, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഏറെ നശിപ്പിക്കുന്നത്.

രാത്രി എട്ടോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന പന്നിക്കൂട്ടം നേരം പുലരുവോളം കൃഷിയിടങ്ങളിൽ താണ്ഡവ മാടുകയാണ്. ഇതിൽ ഒറ്റയാൻ പന്നികളാണ് കൂടുതൽ കൃഷിനാശം ഉണ്ടാക്കുന്നതെന്നും ഇവ വാഹനയാത്രക്കാർക്ക് ഭീഷണിയാണെന്നും കർഷകർ പറയുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് പലയിടത്തും പന്നികളുടെ അക്രമം.

ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള ചെറിയ പൊന്തക്കാടുകളിൽ പോലും പത്തോളം വരുന്ന പന്നിക്കൂട്ടങ്ങൾ കാണാറുണ്ടെന്ന് കൊഴക്കോട്ടൂർ സ്വദേശി അബ്ദു സലാം അരീക്കോട് ന്യൂസിനോട് പറഞ്ഞു. രാത്രി സമയങ്ങളിൽ വീടിൻ്റെ മുറ്റങ്ങളിൽ പോലും പന്നികൾ വരാറുണ്ടത്രെ. കൃഷിയും പ്രവർത്തികളുമെല്ലാം പന്നിശല്യം കാരണം നിർത്തിവെച്ചു. എന്നാൽ ജീവനു പോലും അപകടം ഉണ്ടാക്കുന്ന രീതിയിലാണ് നിലവിൽ പന്നികളുടെ ആക്രമണം.

എടശേരി കടവ്, കുനിയിൽ പാലങ്ങൾ തുറന്നതോടെയാണ് പന്നികളെ കൂട്ടത്തോടെ കാണാൻ തുടങ്ങിയതെന്ന് കർഷകർ പറയുന്നു. വിളകൾ നശിപ്പിക്കുന്ന പന്നികളെ വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകുന്നുണ്ടെങ്കിലും പ്രദേശത്ത് തോക്ക് ലൈസൻസ് ഉള്ള ആളുകൾ ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.