മിസ്ത്രിയുടെ വാഹനം അപകടത്തിന് 5 സെക്കൻഡ് മുമ്പുവരെ സഞ്ചരിച്ചിരുന്നത് 100 കി.മീ വേഗതയിൽ

0
89

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. അപകടം ഉണ്ടായ വാഹനത്തിന്റെ നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസും സംഭവം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. കമ്പനിയുടെ അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടത്തിനു തൊട്ടുമുൻപ് കാർ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലാണു സഞ്ചരിച്ചതെന്ന് പ്രാഥമിക വിവരമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് കമ്പനി റിപ്പോർട്ട്.

ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടി നടന്നത്. 100 കിലോമീറ്റർ വേഗതയിലോടിക്കുമ്പോൾ എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പൊലീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാറപകടത്തെക്കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി അപകടത്തിൽപ്പെട്ട വാഹനം കമ്പനി ഷോറൂമിലെത്തിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംഘം കാർ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകും. അപകടം നടന്നപ്പോൾ വാഹനത്തിനുള്ളിൽ നാല് എയർബാഗുകളാണ് പ്രവർത്തിച്ചത് എന്നാണ് ആർടിഒ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പ്രവർത്തിച്ച നാല് എയർബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മെഴ്‌സിഡസ് എസ്യുവിയുടെ പിൻസീറ്റിൽ ഇരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും മരിക്കുന്നത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്.

അതിവേഗതയിൽ വന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്നാകാം ഇത്തരത്തിൽ അപകടമുണ്ടായതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. 2012 മുതൽ 2016 വരെ ടാറ്റാ ഗ്രൂപ്പ് ചെയർമാനാായിരുന്നു സൈറസ് മിസ്ത്രി. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് നീക്കി.