Thursday
18 December 2025
24.8 C
Kerala
HomeWorldഎലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിലെന്ന് ബക്കിങ്ങാം പാലസ്. സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി വിദഗ്ധ ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലുള്ളത്. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ ആശങ്കാകുലരാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും ബാൽമോർ കൊട്ടാരത്തിലുണ്ട്. മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമക്കളായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവരെല്ലാം രാജ്ഞിയെ സന്ദർശിക്കാൻ സ്കോട്ട്ലൻഡിലേക്കുള്ള യാത്രയിലാണ്.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ സ്പീക്കർ അടിയന്തര വിശദീകരണം നൽകി. എനർജി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു പാർലമെന്റ് അംഗങ്ങളോട് ഈ അടിയന്തര സന്ദേശം സ്പീക്കർ പങ്കുവച്ചത്. രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകളിൽ രാജ്യമൊട്ടാകെ ആശങ്കയിലാണെന്നു പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സർ കെയ്ർ സ്റ്റാമർ, കാന്റർബറി ആർച്ച് ബിഷപ് തുടങ്ങിയ പ്രമുഖരെല്ലാം വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നു.

ഗൗരവമേറിയ സാഹചര്യങ്ങളിലേക്കാണു സൂചനകൾ വിരൽചൂണ്ടുന്നതെന്ന് ബിബിസിയുടെയും മറ്റും മുതിർന്ന മാധ്യമപ്രവർത്തകർ വിലയിരുത്തുന്നത്. രാജ്ഞിയുടെ ആരോഗ്യം മോശമാണെന്ന വാർത്ത പുറത്തുവന്നയുടൻ ബാൽമോർ കൊട്ടാരത്തിലേക്കു ജനങ്ങൾ പ്രവഹിക്കുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണു പ്രാർഥനകളുമായെത്തുന്നത്.

RELATED ARTICLES

Most Popular

Recent Comments