സുപ്രധാനമായ 3 വകുപ്പുകളിലും വെള്ളക്കാരായ പുരുഷന്മാരില്ലാതെ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭ. ആഫ്രിക്കൻ വേരുകളുള്ള ആദ്യ ധനമന്ത്രിയായി ക്വാസി ക്വാർടെങ്, വിദേശകാര്യമന്ത്രിയായി ജയിംസ് ക്ലവർലി, ആഭ്യന്തര മന്ത്രിയായി കെനിയൻ, തമിഴ് വേരുകളുള്ള സ്യൂവല്ല ബ്രേവർമാൻ എന്നിവർ നിയമിതരായി.
വംശീയ വൈവിധ്യം പ്രകടമാക്കുന്ന നേതൃനിരയെ മുന്നോട്ടു വയ്ക്കാനുള്ള സമീപവർഷങ്ങളിലെ കൺസർവേറ്റീവ് പാർട്ടിയുടെ നയമാറ്റത്തിന്റെ ഭാഗമാണിത്. 2002 ലാണു ബ്രിട്ടനിൽ ആദ്യമായി വംശീയ ന്യൂനപക്ഷത്തിൽനിന്നുള്ള ഒരാൾ മന്ത്രിയായത്. ഇന്ത്യൻ വംശജനായ ഋഷി സുനകാണു ക്വാർട്ടെങ്ങിന്റെ മുൻഗാമി. ഘാനയിൽനിന്ന് 1960 കളിൽ കുടിയേറിയവരാണു ക്വാസി ക്വാർടെങ്ങിന്റെ മാതാപിതാക്കൾ.ജയിംസ് ക്ലവർലിയുടെ അമ്മ സിയറ ലിയോൺ സ്വദേശിയാണ്.
സ്യൂവല്ല ബ്രേവർമാന്റെ കെനിയക്കാരനായ പിതാവും മൗറീഷ്യസിൽനിന്നുളള തമിഴ് വംശജയായ അമ്മയും ആറു ദശകം മുൻപാണു ബ്രിട്ടനിലേക്കു കുടിയേറിയത്. സ്യൂവല്ലയുടെ മുൻഗാമിയായ പ്രീതി പട്ടേൽ ഇന്ത്യൻ വംശജയാണ്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സിഒപി26 പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യൻ വംശജനായ അലോക് ശർമ തുടരും. ബോറിസ് ജോൺസനു കീഴിൽ സഹമന്ത്രിയായിരുന്ന ശ്രീലങ്ക–ഇന്ത്യൻ വംശജനായ റനിൽ ജയവർധനയ്ക്കു പരിസ്ഥിതി, ഭക്ഷ്യ മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി.