27 വർഷത്തിനിടെ അയ്യായിരത്തിലേറെ കാറുകൾ കവർന്ന രാജ്യത്തെ ഏറ്റവും വലിയ കാർമോഷ്ടാവ് പോലീസിന്റെ പിടിയിലായി. കൊലപാതകക്കേസുകളിലും ആയുധക്കള്ളക്കടത്ത് കേസുകളിലും അടക്കം പ്രതിയായിട്ടുള്ള അനിൽ ചൗഹാൻ(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. പലതവണ ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയും ഇയാൾ കാറുകൾ കവർന്നിട്ടുണ്ട്.
നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ ഇയാൾക്ക് മൂന്നു ഭാര്യമാരും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹി, മുംബൈ എന്നിവിടങ്ങളിലും നിരവധി സ്വത്തുക്കളുമുണ്ട്. ഡൽഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയിൽനിന്നാണ് ഡൽഹി പോലീസ് സ്പെഷൽ സെൽ അനിൽ ചൗഹാനെ പിടികൂടിയത്. ആറു പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇയാളിൽനിന്നു പിടിച്ചെടുത്തു.
ഡൽഹി ഖാൻപുരിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാൾ 1995-ലാണ് കാർ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകൾ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മോഷ്ടിക്കുന്ന കാറുകൾ നേപ്പാളിലേക്കും ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും കടത്തുകയായിരുന്നു പതിവ്.
പിന്നീട് ഡൽഹിയിൽനിന്ന് അസമിലേക്കു താമസം മാറ്റി. അടുത്തിടെയായി ഇയാൾ ആയുധക്കള്ളക്കടത്തിലും സജീവമായിരുന്നതായി പോലീസ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് ഉത്തർപ്രദേശിൽനിന്ന് ആയുധങ്ങളെത്തിച്ചിരുന്നത് ഇയാളാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
നിലവിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകളാണ് അനിൽ ചൗഹാനെതിരേയുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.