വിദ്യാർത്ഥിയുടെ ലിംഗ-നിഷ്പക്ഷ സർവനാമം ഉപയോഗിക്കാൻ വിസമ്മതിച്ചതിന് ഐറിഷ് അധ്യാപകൻ അറസ്റ്റിൽ

0
91

ജെൻഡർ ന്യൂട്രൽ പദപ്രയോഗങ്ങൾ തന്റെ ക്രിസ്ത്യൻ വിശ്വാസ പ്രകാരം എതിരാണെന്നും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികളെ ആ പദങ്ങൾ ഉപയോഗിച്ച് വിളിക്കാനാകില്ലെന്നും പറഞ്ഞ അദ്ധ്യാപകൻ അറസ്റ്റിൽ. കോടതിയലക്ഷ്യത്തിന് കേസെടുത്ത് അദ്ധ്യാപകനെ ജയിലിലടയ്ക്കുകയായിരുന്നു. അയർലാൻഡിലാണ് സംഭവം.

വിദ്യാർത്ഥിയുടെ ലിംഗ നിഷ്പക്ഷ സർവ്വനാമം ഉപയോഗിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ധ്യാപകനെ ജയിലിൽ അടച്ചത്. ഇനോക് ബർക്ക് എന്ന അദ്ധ്യാപകനാണ് അറസ്റ്റിലായത്. ജർമ്മൻ, ചരിത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളാണ് ഇനോക്ക് കുട്ടികളെ പഠിപ്പിക്കുന്നത്. ലിംഗഭേദം മാറുന്ന ഒരു വിദ്യാർത്ഥിയെ അവൻ (HE/HIM/HIS) എന്നതിലുപരി അവർ/അവരോട്/അവരുടെ എന്നി സർവ്വനാമങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ വിസമ്മതിച്ചതാണ് വിവാദത്തിന് കാരണം.

വിദ്യാർത്ഥികളെ സൂചിപ്പിക്കാൻ ‘അവർ’ എന്ന സർവ്വനാമം ഉപയോഗിക്കണമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അധ്യാപകനോട് ആവശ്യപ്പെട്ടപ്പോൾ, അത് തന്റെ ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ബർക്ക് പറഞ്ഞു. അച്ചടക്ക നടപടിക്കിടെ സ്‌കൂൾ ബോർഡ് ഇനോക്ക് ബർക്കിനെ താൽക്കാലിക ശമ്പളത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചെങ്കിലും, അദ്ദേഹം സ്‌കൂളിൽ പോകുന്നത് തുടർന്നു.

പിന്നാലെ ഇനോക്കിനെ വിലക്കികൊണ്ട് സ്‌കൂളിന് കോടതി ഉത്തരവ് ലഭിച്ചു. മനസാക്ഷിയ്ക്ക് എതിരായതിനാൽ കോടതിയുടെ ഉത്തരവ് പാലിക്കാനാകില്ലെന്ന് ഇനോക്ക് പറഞ്ഞു. തന്നെ സസ്‌പെൻഡ് ചെയ്തത് തെറ്റായ നടപടിയാണ്. താനൊരിക്കലും ഒരു പെൺകുട്ടിയെ ആൺകുട്ടിയെന്ന് വിളിക്കില്ലെന്നും അത് തന്റെ ക്രിസ്ത്യൻ വിശ്വാസത്തിന് എതിരാണെന്നും ഇനോക്ക് പറഞ്ഞു.