അനധികൃത ഫോൺ ചോർത്തൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി രവി നരേനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രവി നരേനെ ഡൽഹിയിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസി വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്വേഷണത്തിൽ രവി നരേൻ സഹരിച്ചില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
രവി നരേനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 1994 മുതൽ 2013 വരെയുള്ള കാലയളവിൽ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന രവി നരേൻ ഫോൺ ചോർത്തിയെന്നതാണ് കേസ്. സംഭവത്തിൽ നേരത്തെ മുൻ പോലീസ് കമ്മീഷ്ണർ സഞ്ജയ് പാണ്ഡെയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു എൻഎസ്ഇ മേധാവി ചിത്ര രാമകൃഷ്ണയെയും ഇഡി ചോദ്യം ചെയ്തിരുന്നു. അവർ ഇതിനകം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. സിബിഐ നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. എൻഎസ്ഇ ജീവനക്കാരുടെ ടെലിഫോൺ അനധികൃതമായി ചോർത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം ഉണ്ടായിരുന്നു. തുടർന്നാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടർന്നത്.
കേസിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഐഎസ്ഇസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, സന്തോഷ് പാണ്ഡെ, ആനന്ദ് നാരായൺ, അർമാൻ പാണ്ഡെ, മനീഷ് മിത്തൽ, നമാൻ ചതുർവേദി (അന്നത്തെ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്) എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ഡയറക്ടർമാർക്കുമെതിരെ അന്വേഷണ ഏജൻസി കേസെടുത്തു. മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ, കൂടാതെ എൻഎസ്ഇയുടെ മുൻ മേധാവിമാരായ രവി നരേൻ, ചിത്ര രാമകൃഷ്ണ, രവി വാരണാസി (അന്നത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), മഹേഷ് ഹൽദിപൂർ എന്നിവരും ഉൾപ്പെടുന്നു.
2009 മുതൽ 2017 വരെ ആരോപണവിധേയരായ സ്വകാര്യ കമ്പനിയുമായി ചേർന്ന് ഉന്നത മാനേജ്മെന്റ് ഈ കുറ്റകൃത്യം നടത്തിയെന്നാണ് ആരോപണം. എൻഎസ്ഇ ജീവനക്കാരുടെ ടെലിഫോൺ നിയമവിരുദ്ധമായി ചോർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.